മോദിയുടെ സ്വപ്നം യാഥാർഥ്യമാകുമോ?; പഞ്ചേശ്വറിനായി ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലിയും (ഫയൽ ചിത്രം)

ന്യൂഡൽഹി∙ നിർജീവമായി കിടക്കുന്ന പഞ്ചേശ്വർ ഡാം പദ്ധതിക്കു പുതുജീവനേകാൻ ഇന്ത്യ– നേപ്പാൾ ധാരണ. ഡിസംബറോടെ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനാണ് ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചിരിക്കുന്നത്. 1996ല്‍ ഒപ്പുവച്ച മഹാകാളി കരാറിലുള്ള പദ്ധതിയിലുള്ള 4,800 മെഗാവാട്ട് ശേഷിയുള്ളതാണു ഡാം. ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നീ നേട്ടങ്ങളുമുണ്ട്. ഇതിനു പുറമെ ശാരദ – യമുന നദീ സംയോജനത്തിലൂടെ ഡൽഹിയിലെ കൂടിവരുന്ന ജലത്തിന്റെ ആവശ്യകതയ്ക്കു പരിഹാരം കാണാമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.

ഏപ്രിൽ 27ന് നേപ്പാളിലെ കാഠ്മണ്ഡുവിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണു പഞ്ചേശ്വർ പദ്ധതിക്ക് വേഗംകൂട്ടാൻ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചത്. കേന്ദ്ര ജലവിഭവ സെക്രട്ടറി യു.പി.സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം പങ്കെടുത്തത്. ഇരു രാജ്യങ്ങളും സംയുക്തമായിട്ടായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കരട് റിപ്പോർട്ടിൻമേൽ‌ ഇന്ത്യയും നേപ്പാളും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലും ബാക്കി ഭാഗം നേപ്പാളിലുമായി 11,600 ഹെക്ടറുകളിലായാണു പദ്ധതി നിലവിൽ വരിക. രാജ്യത്തെ നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന മോദി സർക്കാരിന്റെ പദ്ധതികളുടെ ഭാഗമാണിത്.

അതേസമയം, പദ്ധതിയിൽനിന്നു ലഭിക്കുന്ന വൈദ്യുതിയുടെ വിൽപ്പനയ്ക്കുള്ള അളവോ, തുകയോ സംബന്ധിച്ചു ധാരണയിൽ എത്തിയിട്ടില്ലെന്നാണു വിവരം. പാരിസ്ഥിതികപരമായും ഭൂമിശാസ്ത്ര പരമായും പദ്ധതിക്ക് അപാകതകളുണ്ടെന്നു സൗത്ത് ഏഷ്യ നെറ്റ്‍വർക്ക് ഓഫ് ഡാംസ്, റിവേഴ്സ്, പീപ്പിൾസിലെ (എസ്എഎൻഡിആർപി) അംഗം ഹിമാൻഷു താക്കർ അഭിപ്രായപ്പെട്ടു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ സമിതിക്ക് ഇതുസംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളടക്കമാണു പരാതി.

ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശത്തു പദ്ധതി നടപ്പാക്കുന്നതു ദുരന്തത്തിൽ കലാശിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ റിവർ വാലി, ഹൈഡ്രോ ഇലക്ട്രോണിക് സമിതിയാണ് അപേക്ഷ പരിഗണിക്കുക. ഇന്ത്യ പ്രതീക്ഷിക്കുന്നതുപോലെ മെഗാ ഡാം നിർമാണം എളുപ്പമായിരിക്കില്ലെന്നു സ്വീഡനിലെ ഉപ്സല സർവകലാശാല പ്രഫസർ അശോക് സ്‍വെയ്ൻ അഭിപ്രായപ്പെട്ടു. വൻപദ്ധതികളിൽനിന്നു വിട്ടുമാറി പകരം താരതമ്യേന ചെറിയ പദ്ധതികൾക്ക് ഇന്ത്യ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.