തൃണമൂലിനെ തോൽപ്പിക്കാൻ ബിജെപിയെ കൂടെക്കൂട്ടി സിപിഎം; നന്ദിഗ്രാമിൽ വിവാദ ‘സഖ്യം’

കൊൽക്കത്ത∙ പാര്‍ട്ടി കോണ്‍ഗ്രസും അടവുനയവുമെല്ലാം ഹൈദരാബാദില്‍ ഉപേക്ഷിച്ച് ബംഗാളിലെ നന്ദിഗ്രാമില്‍ പുതിയ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നു സിപിഎം. നന്ദിഗ്രാം ജില്ലാ പരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായി 22ാം പാര്‍ട്ടി കോണ്‍ഗ്രസ് മുദ്രവച്ച ബിജെപിയെ കൂട്ടുപിടിച്ചു മല്‍സരിക്കാനുറച്ചു സിപിഎം പ്രാദേശിക നേതൃത്വം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ആക്രമണത്തെ അതിജീവിക്കാനാണു പുതിയ നീക്കമെന്നാണു സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം.

മൂന്നുപതിറ്റാണ്ടിലധികം നീണ്ടുനിന്ന ഇടതുഭരണം ബംഗാളില്‍ അവസാനിച്ചതിന്‍റെ മുഖ്യ കാരണങ്ങളിലൊന്നു നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമമായിരുന്നു. ഇന്നിവിടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് സിപിഎം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്നു സിപിഎമ്മിനു സാധിച്ചില്ല.

ഇതോടെയാണു വിശാല പ്രതിപക്ഷ ഐക്യമെന്ന പുതിയ ആശയത്തിനു സിപിഎം തുടക്കം കുറിച്ചത്. പ്രതിപക്ഷയോഗത്തിലേക്ക് ആദ്യം ക്ഷണിച്ചതും മുഖ്യശത്രുവായ ബിജെപിയെതന്നെ. കോണ്‍ഗ്രസും മറ്റ് ഇടതുപാര്‍ട്ടികളും നന്ദിഗ്രാമില്‍ സിപിഎം വിളിച്ചുചേര്‍ത്ത യോഗത്തിനെത്തി. പത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത വാര്‍ഡുകളില്‍ പരസ്പരം സാഹായിക്കാമെന്നു യോഗം തീരുമാനിച്ചു.

മൂന്നുവാര്‍ഡുകളില്‍ എസ്‌യുസിഐ സ്ഥാനാര്‍ഥികളെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പിന്തുണയ്ക്കും. മമതാ ബാനര്‍ജിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ഒന്നിച്ചുപോരാടുമെന്നു മുകളിലേക്കു കയ്യുയര്‍ത്തിയാണു നേതാക്കള്‍ യോഗസ്ഥലത്തുനിന്നു പിരിഞ്ഞത്. പ്രാദേശിക നേതൃത്വത്തിന്‍റെ പുതിയ നീക്കം വിവാദമാക്കേണ്ടെന്നാണു സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം.