കൊട്ടിയൂർ പീഡനം: വിചാരണയ്ക്കു സ്റ്റേ ഇല്ല, പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി∙ കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തളളി. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരാലി, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണു കോടതിയെ സമീപിച്ചത്.

വിചാരണയ്ക്കു സ്റ്റേ അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കിയ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച്, സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയയ്ക്കാന്‍ ഉത്തരവിട്ടു. കേസിലെ കൂട്ടുപ്രതിയായ വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി എന്നിവര്‍ നല്‍കിയ ഹര്‍ജിയോടൊപ്പം പുതിയ ഹര്‍ജികളും പരിഗണിക്കും. പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

കൊട്ടിയൂര്‍ നീണ്ടുനോക്കി പളളിവികാരിയായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരി പതിനാറുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ കൂട്ടുപ്രതികളാണ് കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ പ്രസവവിവരം അധികൃതരില്‍നിന്നു മറച്ചുവച്ചു, ആശുപത്രി രേഖകളില്‍ തിരിമറി നടത്തി തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെയുളളത്.