മണ്ണിടിഞ്ഞു മരണം; തൊഴിലാളികളുടെ കുടുംബത്തിന് 7.5 ലക്ഷം വീതം നഷ്ടപരിഹാരം

മണ്ണിനടിയിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ. ഫയൽചിത്രം: മനോരമ

കോഴിക്കോട്∙ സ്റ്റേഡിയം ജംക്‌ഷനു സമീപം റാം മോഹൻ റോഡിൽ ഷോപ്പിങ് മാൾ നിർമാണം ആരംഭിച്ചിടത്തു മണ്ണിടിഞ്ഞുവീണു മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിന് 7.5 ലക്ഷം വീതം നഷ്ടപരിഹാരം. ബിഹാർ ബേഗുസരായ് സ്വദേശികളായ കിസ്മത്ത്, ജബ്ബാർ എന്നിവരാണു ജോലിക്കിടെ മണ്ണിടിഞ്ഞു മരിച്ചത്. കെട്ടിടനിർമാണ കരാറുകാരായ ഡി ആൻഡ് ഡി കമ്പനിയാണു തുക നൽകുക. മൃതദേഹങ്ങൾ ആംബുലൻസിൽ സ്വദേശത്തേയ്ക്ക് എത്തിക്കും. പരുക്കേറ്റ മുക്താറിന്റെ ചികിൽസാ ചെലവുകൾ വഹിക്കുമെന്നും കമ്പനി അറിയിച്ചു. 

വ്യാഴാഴ്ച വൈകിട്ടു മൂന്നരയ്ക്കായിരുന്നു അപകടം. തറനിരപ്പിൽനിന്നു രണ്ടുനില താഴെ നിർമാണ ജോലികളിലേർപ്പെട്ട തൊഴിലാളികളുടെ മേൽ വശത്തുനിന്നു രണ്ടുതവണ മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിൽ കുടുങ്ങിയ എട്ടുപേരിൽ അഞ്ചുപേരെ മറ്റുതൊഴിലാളികൾ ചേർന്നു രക്ഷിച്ചിരുന്നു.