വിവാഹിതരാകേണ്ട, പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം: സുപ്രീം കോടതി

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ വിവാഹിതരായില്ലെങ്കിലും പ്രായപൂർത്തിയായ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മലയാളി യുവാവിന്റെ ഹർജി പരിഗണിച്ചാണു കോടതി വിധി. മലയാളിയായ നന്ദകുമാറാണ് തുഷാര എന്ന പെൺകുട്ടിയുമായുള്ള തന്റെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നന്ദകുമാറിനു വിവാഹപ്രായമായില്ലെന്നു കാണിച്ചായിരുന്നു ഹൈക്കോടതി വിവാഹം റദ്ദാക്കിയത്. 

ബാലവിവാഹങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കും 21 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും വിവാഹിതരാകാൻ സാധിക്കില്ല. നന്ദകുമാറിനു വരുന്ന മേയ് 30നാണ് 21 വയസ്സു തികയുക. ‘നിയമപരമായിരുന്നില്ല’ നന്ദകുമാറിന്റെ വിവാഹമെന്നു വ്യക്തമാക്കി തുഷാരയെ പിതാവിനൊപ്പം വിടുകയാണു ഹൈക്കോടതി ചെയ്തത്. എന്നാൽ നന്ദകുമാറിനു വിവാഹസമയത്ത് 21 വയസ്സായിട്ടില്ല എന്ന കാരണം മാത്രം പറഞ്ഞ് വിവാഹം അസാധുവാക്കാനാകില്ലെന്ന് എ.കെ.സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. 

നന്ദകുമാറും തുഷാരയും ഹിന്ദുക്കളാണ്. 1955ലെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം നിയമവിധേയമാണ്. ഇരുവരും പ്രായപൂർത്തിയായവരാണ്. ഈ സാഹചര്യത്തിൽ വിവാഹം തർക്ക വിഷയമാണെങ്കിൽ പോലും ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാൻ അവകാശമുണ്ട്. വിവാഹിതരല്ലെങ്കിലും ഒരുമിച്ചു ജീവിക്കാൻ അവകാശവുമുണ്ട്. ‘ലിവ്–ഇൻ’ ബന്ധങ്ങൾ നിയമം മൂലം അംഗീകരിച്ചതാണ്. ഗാർഹിക പീഡനത്തിൽ നിന്നു വനിതകൾക്കു സംരക്ഷണം നല്‍കുന്ന 2005ലെ നിയമത്തിനു കീഴിലും ലിവ് ഇൻ റിലേഷന്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 

ഇക്കാര്യത്തിൽ ഹൈക്കോടതി വിധി തള്ളിയ സുപ്രീംകോടതി, ആരുടെ കൂടെ ജീവിക്കാമെന്ന കാര്യത്തിൽ തുഷാരയ്ക്കു തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. ഷഫിൻ ജഹാനും ഹാദിയയുമൊത്തുള്ള വിവാഹം സാധുവാക്കിയ സുപ്രീംകോടതി വിധിയും ഇതിന്റെ ഭാഗമായി കോടതി പരാമർശിച്ചു. പ്രായപൂർത്തിയായ രണ്ടു പേർ തമ്മിലുള്ള വിവാഹത്തിൽ ഇടപെടാനും ഹേബിയസ് കോർപസ് ഹർജിയുടെ അടിസ്ഥാനത്തിൽ വിവാഹം അസാധുവാക്കാനും കോടതിക്കു സാധിക്കില്ലെന്നു കേസിൽ വ്യക്തമാക്കിയതാണെന്നും സുപ്രീംകോടതി പറഞ്ഞു.