ഉന്നാവ് പെൺകുട്ടിയെ ബിജെപി എംഎൽഎ പീഡിപ്പിച്ചെന്ന് സിബിഐ

കേസിൽ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ

ലക്നൗ∙ ഉന്നാവ് സംഭവത്തില്‍ ബിജെപി എംഎൽഎയ്ക്കെതിരെ മാനഭംഗക്കേസ് നിലനിൽക്കുമെന്നു സിബിഐ വിലയിരുത്തൽ. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗര്‍ തന്റെ വീട്ടിൽവച്ച് കഴിഞ്ഞ വർഷം ജൂൺ നാലിനു പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് സെൻഗറിന്റെ വനിതാ സഹായി ശശി സിങ് മുറിക്കുപുറത്തു കാവൽ നിന്നുവെന്നും കണ്ടെത്തലുണ്ട്‍.

മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു സിബിഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതി പ്രകാരം അവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതു പൊലീസ് വൈകിപ്പിച്ചു. വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിൽ വീഴ്ച കാട്ടി. പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു ഇത്– ഒരു സിബിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏപ്രിൽ 13 നും 14നുമാണ് ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, ശശി സിങ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തിൽ പൊലീസിന്റെ പങ്ക് കണ്ടെത്തുന്നതിനായി ഇരുവരെയും നീണ്ട ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. പൊലീസ്, എംഎല്‍എയെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെ യുപി സർക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിക്കുന്നത്. ജോലി നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് എംഎൽഎയുടെ കൂട്ടാളിയായ ശശി സിങ് പെൺകുട്ടിയെ സെൻഗറിന്റെ വീട്ടിലെത്തിച്ചു. ആദ്യം ചൂഷണം നടന്ന വിവരം പുറത്തുപറയാതിരുന്ന പെൺകുട്ടിയെ ജൂൺ 11 ന് ശുഭം ഗിൽ, അവധ് നാരായൺ, ബ്രിജേഷ് യാദവ് എന്നിവർ ചേർന്നു തട്ടിക്കൊണ്ടുപോയി. ജൂൺ 19 വരെ വാഹനത്തിലും മാനഭംഗത്തിനിരയായി.

തുടർന്നു പരാതിയുമായെത്തിയപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനും പൊലീസ് വിമുഖത കാട്ടി. വീണ്ടും പരാതികൾ ഉയര്‍ന്നതിനെ തുടർന്ന് സെൻഗര്‍, ശശി സിങ് എന്നിവരെ ഒഴിവാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തു. തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശുഭം ഗിൽ, അവധ് നാരായൺ, ബ്രിജേഷ് യാദവ് എന്നിവർ മാത്രമായിരുന്നു കേസിലെ പ്രതികൾ. ഡെപ്യൂട്ടി സൂപ്രണ്ടന്റ്, എസ്എച്ച്ഒ, നാലു കോണ്‍സ്റ്റബിൾമാർ എന്നിവരെ പൊലീസ് സസ്പെൻഡ് ചെയ്തു. കേസിൽ ഇവരുടെ പങ്കും അന്വേഷിച്ചുവരികയാണ്.