ധൈര്യമായി ഇനി മത്സ്യം കഴിക്കാം; വിഷമുണ്ടെങ്കില്‍ മീന്‍ ‘നീലയാകും’

ഇനി വിഷമില്ലാത്ത മീൻ കഴിക്കാം.

തിരുവനന്തപുരം∙ കേരളത്തിലേക്കെത്തുന്ന മീനുകള്‍ ഇനി പേടികൂടാതെ കഴിക്കാം. മീനുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ആധുനിക പരിശോധനാ കിറ്റുകള്‍ ചെക്പോസ്റ്റുകളില്‍ പ്രവര്‍ത്തന സജജ്മായി. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് കിറ്റുകള്‍ വികസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം പൂവാര്‍, അമരവിള, പാലക്കാട്ടെ വാളയാര്‍ ചെക്പോസ്റ്റുകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ദിവസത്തെ പരിശോധനയില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പരിശോധനയില്‍ കേരളത്തില്‍ വില്‍ക്കുന്ന മീനുകളില്‍ ഫോര്‍മാലിന്‍റെയും അമോണിയയുടേയും മാരക ബാക്ടീരിയകളുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക കിറ്റ് വികസിപ്പിച്ചത്.

മീനിലെ വിഷം കണ്ടെത്താൻ പരിശോധന നടത്തുന്നു

പരിശോധനയ്ക്കായി എടുക്കുന്ന മീന്‍ സാമ്പിളില്‍ കിറ്റില്‍നിന്നുള്ള ലായനിയുടെ ഒരു തുള്ളി ഒഴിക്കും. രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ മീനിന്റെ നിറം നീലയാകും. മീനില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ആധുനികവും ഫലപ്രദവുമായ മാര്‍ഗമാണിതെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കിറ്റുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സംവിധാനം ചെക്പോസ്റ്റുകളില്‍ വന്നതോടെ മീന്‍ സാമ്പിളുകള്‍ ഇനി മുതല്‍ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കേണ്ടതില്ല. പരിശോധനാ ഫലം ലഭിക്കുന്നതിനുള്ള കാലതാമസവും ഒഴിവായി.

മീനിലെ വിഷം കണ്ടെത്താൻ പരിശോധന നടത്തുന്നു

ഇന്നലെ രാത്രി ഒൻപതു മണിക്കു തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു വരെ നീണ്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ ചെക്പോസ്റ്റുകളില്‍ പരിശോധന നടത്താനും കൂടുതല്‍ പരിശോധനാ കിറ്റുകള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.