Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർബറുകളുടെ നിർമാണത്തിന് തടസ്സം സൃഷ്ടിക്കുന്നത് ഒരു ലോബി: മന്ത്രി മേഴ്സിക്കുട്ടിയമ്മ

j-mercykutty-amma

തിരുവനന്തപുരം∙ കേരളത്തിലെ ഹാർബറുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സങ്ങൾ സൃഷ്ടിക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മത്സ്യമേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയുള്ള ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും ബോട്ട് ഉടമാ സംഘടനകളുടെ ഭാരവാഹികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യക്തിപരമായ താൽപര്യങ്ങൾക്കു വേണ്ടിയുള്ള ഇവരുടെ പ്രവർത്തനം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ലോബിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. പരപ്പനങ്ങാടിയിലും പൊഴിയൂരിലും പുതിയ ഹാർബറുകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മത്സ്യമേഖലയിൽ മിൽമ മോഡൽ നടപ്പാക്കിയാൽ നിലവിലുള്ളതിനെക്കാൾ കൂടുതൽ സഹായങ്ങൾ മൽസ്യത്തൊഴിലാളികൾക്കു ലഭ്യമാക്കാനാകും. പാൽ അളക്കുന്നവർക്കു മാത്രമാണു മിൽമ സഹായം.

അതുപോലെ യഥാർഥ മൽസ്യത്തൊഴിലാളികൾക്കു മാത്രമായി സഹായങ്ങൾ ഉറപ്പാക്കണം. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു ട്രേഡ് യൂണിയനുകൾ സഹകരിക്കണം. ട്രോളിങ് സമയത്തെ ആശ്വാസ സഹായ വിതരണത്തിനായി 58 കോടി രൂപ സർക്കാർ ചെലവഴിച്ചു. മത്സ്യസമ്പത്തു വർധിപ്പിക്കുന്നതിനുള്ള ഒട്ടേറെ മാർഗങ്ങളുടെ ഭാഗമായാണു ട്രോളിങ് നിരോധനം. ഇതിനായി പൂർണ മത്സ്യബന്ധന നിരോധനം വേണമെന്നുള്ള ചില സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.