നിയമസഭാകക്ഷി യോഗത്തിനെത്താതെ 12 എംഎൽഎമാർ; ആശങ്കയോടെ കോൺഗ്രസ്

സിദ്ധരാമയ്യയും കുമാരസ്വാമിയും

ബെംഗളൂരു∙ കർണാടകയിൽ എങ്ങനെയും സർക്കാരുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടയിലും പാർട്ടി ക്യാംപിൽ ആശങ്ക പടരുന്നു. രാവിലെ ചേരാനിരുന്ന നിയമസഭാകക്ഷി യോഗത്തിലേക്ക് മുഴുവൻ എംഎൽഎമാരും എത്താത്തതാണ് ആശങ്കയ്ക്കിടയാക്കുന്നത്. 78 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചിരുന്നത്. എന്നാൽ 66 പേർ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ഓഫിസിലാണ് യോഗം.

ജനതാദൾ സെക്കുലർ (ജെഡിഎസ്) നിയമസഭാകക്ഷി യോഗത്തിലും രണ്ട് എംഎൽഎമാർ എത്തിയിട്ടില്ല. രാജ വെങ്കടപ്പ നായകയും വെങ്കട്ട റാവു നാഡഗൗഡയുമാണ് യോഗത്തിന് എത്താത്തത്. എംഎൽഎമാരെ പക്ഷത്താക്കാൻ പതിനെട്ടടവും പയറ്റി ബിജെപി രംഗത്തുള്ളതും പാർട്ടികളിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അതിനിടെ, സോണിയ ഗാന്ധിയുടെ വിശ്വസ്തൻ അഹമ്മദ് പട്ടേൽ കൂടിയാലോചനകൾക്കായി ബെംഗളൂരുവിലേക്കു പുറപ്പെട്ടിട്ടുണ്ട്.

ഏതുവിധേനയും അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും. വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്ടപ്പെടുന്നത് ബിജെപിക്ക് ആലോചിക്കാൻ പോലും കഴിയില്ല. ഗോവയിലും മണിപ്പുരിലും അവർ പയറ്റിയ തന്ത്രം കർണാടകയിൽ തിരികെയിറക്കിയാണ് കോൺഗ്രസ് അധികാരത്തിലേക്കു നീങ്ങുന്നത്. ഒരുഘട്ടത്തിൽ തനിച്ച് അധികാരത്തിലെത്താമെന്ന ബിജെപിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായിട്ടാണ് തൂക്കുസഭയിലേക്ക് കാര്യങ്ങളെത്തിയത്. കേന്ദ്രമന്ത്രിമാരെയും മുതിർന്ന നേതാക്കളെയും കളത്തിലിറക്കിയാണ് ബിജെപിയുടെ കളി.

എക്സിറ്റ്പോൾ ഫലങ്ങൾ വന്നപ്പോൾത്തന്നെ അധികാരം പിടിച്ചെടുക്കുന്നതിനുള്ള കരുക്കൾ കോൺഗ്രസ് നീക്കിത്തുടങ്ങിയിരുന്നു. ഗോവയിൽ സംഭവിച്ചത് കർണാടകയിലുണ്ടാകരുത് എന്ന തീരുമാനമെടുത്താണ് മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദിനെയും അശോക് ഗെലോട്ടിനെയും തിങ്കളാഴ്ച തന്നെ ബെംഗളൂരിലേക്കയച്ചത്. കെ.സി.വേണുഗോപാലും മല്ലികാർജുൻ ഖർഗെയും ചേർന്നതോടെ സഖ്യചർച്ചകൾക്ക് വേഗം കൂടി. ബിഎസ്പി വഴി ജെഡിഎസിലേക്ക് കോൺഗ്രസ് വാതിൽ തുറക്കുകയും കർണാടകയിൽ രാഷ്ട്രീയക്കളി മാറിമറിയുകയുമായിരുന്നു.