രൂപ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി; 16 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

Representational image

കൊച്ചി∙ വ്യാപാരത്തിനിടെ 16 മാസത്തെ താഴ്ന്ന നിലവാരത്തിൽ എത്തിയ ഇന്ത്യൻ രൂപ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി എന്ന ചീത്തപ്പേരു കൂടി സ്വന്തമാക്കി. ഡോളർ ശക്തിപ്രാപിക്കുന്നതും ആഭ്യന്തര കാരണങ്ങളും രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ കുതിപ്പുമെല്ലാം രൂപയുടെ മൂല്യം തകർക്കുകയാണ്. ഡോളർ ശക്തിപ്രാപിക്കുമ്പോഴും നേട്ടമുണ്ടാക്കുന്ന ഏഷ്യൻ കറൻസികളുണ്ടെന്നതാണു വാസ്തവം.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ വർഷം മാത്രം 6.2% ഇടിഞ്ഞു. കഴിഞ്ഞ വർഷം, തൊട്ടുമുൻപത്തെ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ ആറു ശതമാനം നേട്ടമുണ്ടായിരുന്നു. ഇന്നലെ മാത്രം 86 പൈസയുടെ ഇടിവു നേരിട്ട രൂപ വ്യാപാരത്തിനിടെ ഡോളറിനെതിരെ 68 രൂപ 16 പൈസയിലെത്തി. ഇന്നു നേരിയ നേട്ടമുണ്ടെങ്കിലും 68ന്റെ പരിസരത്തുനിന്നു രൂപയ്ക്കു കരകയറാനായിട്ടില്ല.

കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും രൂപയുടെ മൂല്യം തകരാൻ കാരണമാകുന്നുണ്ട്. ഓഹരി വിപണിയെയും രാഷ്ട്രീയ അനിശ്ചിതത്വം ബാധിക്കുന്നുണ്ട്. 156 പോയിന്റ് സെൻസെക്സിലും 50 പോയിന്റ് നിഫ്റ്റിയിലും ഇന്ന് ഇടിഞ്ഞു. എണ്ണവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യത്തകർച്ച രാജ്യത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിക്കും.

∙ തകർച്ചയിൽ രൂപയ്ക്ക് ഒന്നാം സ്ഥാനം

രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും നിക്ഷേപകരുടെ പിൻവാങ്ങലുകളും ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപയെ മാറ്റിയിരിക്കുകയാണ്. റെൻമിൻബി എന്നു ചൈനക്കാർ വിളിക്കുന്ന ചൈനീസ് യുവാനാണ് ഏഷ്യൻ കറൻസികളിൽ മികച്ച പ്രകടനം നടത്തുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപു ചൈന മൂല്യം ഇടിച്ചെങ്കിലും ഇപ്പോൾ ഡോളറിനെതിരെയുള്ള മൂല്യത്തിൽ രണ്ടര ശതമാനത്തോളം യുവാൻ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജാപ്പനീസ് കറൻസിയായ യെൻ 2.46 ശതമാനവും നേട്ടമുണ്ടാക്കി. മലേഷ്യൻ, തായ്‌‌ലൻഡ് കറൻസികളും ഡോളറുമായുള്ള മൂല്യത്തിൽ രണ്ടു ശതമാനം നേട്ടമുണ്ടാക്കിയവയാണ്.

രൂപ കഴിഞ്ഞാൽ ഫിലിപ്പീൻസ് കറൻസിയായ പെസോയ്ക്കാണ് ഏഷ്യൻ രാജ്യങ്ങളിൽ വലിയ മൂല്യത്തകർച്ച നേരിടുന്നത്. നാലര ശതമാനമാണു ഡോളറിനെതിരെയുള്ള മൂല്യനഷ്ടം. ഇന്തോനേഷ്യൻ റുപ്യയും 3.3% മൂല്യത്തകർച്ചയിലാണ്. ഹോങ്കോങ് ഡോളർ, ദക്ഷിണ കൊറിയൻ വൺ, സിംഗപ്പൂർ ഡോളർ ത‌യ്‌വാനീസ് ഡോളർ തുടങ്ങിയ കറൻസികൾക്കും നേരിയ മൂല്യ നഷ്ടമുണ്ട്.