മോദി– ഷാ അശ്വമേധത്തിന് ഇടവേള; പടയൊരുക്കാൻ രാഹുലും പ്രതിപക്ഷവും

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, അമിത് ഷാ.

മുന്നിലെ തടസ്സങ്ങളെല്ലാം തട്ടിമാറ്റി, എതിരാളികളെ നിഷ്പ്രഭരാക്കി, ജനാധിപത്യത്തിനു പോലും പോറലേൽപ്പിച്ചു ബിജെപി നയിച്ച അശ്വമേധത്തിന് താൽക്കാലിക ഇടവേള. കർണാടകയിലൂടെ ദക്ഷിണേന്ത്യയിലേക്കു പാതി തുറന്ന വാതിൽ, പാതി അടഞ്ഞതുമാണെന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവിലാണു ബിജെപി. ഇപ്പോഴുള്ള പടക്കുതിരകളുമായി ദക്ഷിണേന്ത്യയിൽ തേരോട്ടം നടത്തി കാവിക്കൊടി പാറിക്കാമെന്ന മോഹം സാധിക്കില്ലെന്ന മുന്നറിയിപ്പാണു കർണാടകയുടേത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തൻപോരിമയ്ക്കു തിരിച്ചടി കൊടുത്ത കന്നഡനാട്, പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് ഉണർവും ഊർജവുമേകുന്നു.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായും റിഹേഴ്സലായും വാഴ്‍ത്തിയ തിരഞ്ഞെടുപ്പാണു കർണാടകയിൽ കണ്ടത്.  കോൺഗ്രസും ബിജെപിയും മുഖാമുഖം. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനായി അധ്യക്ഷൻ രാഹുൽ ഗാന്ധിയും പലതവണ കന്നഡമണ്ണിൽ പറന്നിറങ്ങി. പ്രധാനമന്ത്രിയുടെ തിരക്കുകൾ മാറ്റിവച്ചു മോദി കർണാടക ഗ്രാമങ്ങളിലെ തിരഞ്ഞെടുപ്പു റാലികളിൽ ആവേശപ്രസംഗങ്ങൾ നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുതൽ കേന്ദ്രമന്ത്രിമാർ വരെ രാപകലില്ലാതെ പണിയെടുത്തു. മുഖ്യമന്ത്രി സ്ഥാനാർഥികളായ സിദ്ധരാമയ്യയും ബി.എസ്.യെഡിയൂരപ്പയും വീറോടെ വാക്ശരങ്ങളെയ്തു.

പക്ഷേ, കെട്ടിപ്പൊക്കിയ സ്വപ്നമെല്ലാം ഉരുകിവീഴുകയാണ്. ശനിയാഴ്ച മറ്റൊരു ബിജെപി നേതാവിന്റെ മുഖമാണ് കർണാടക ഓർത്തത്; സമുന്നതനായ എ.ബി.വാജ്പേയിയുടെ. 1996 മേയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ വാജ്പേയിയുടെ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998 ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999 ൽ അണ്ണാ ഡിഎംകെ  പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് നേടാനായില്ലെന്നതും ചരിത്രം.

വടക്കുകിഴക്കിനെ തോൽപ്പിച്ച ദക്ഷിണക്കാറ്റ്

ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ ചുവടുറപ്പിക്കേണ്ടത് അനിവാര്യമാണെന്ന്  ആർഎസ്എസും ബിജെപിയും തിരിച്ചറിഞ്ഞ‌തിന്റെ ഫലമായിരുന്നു മാസങ്ങൾക്കു മുൻപു കണ്ടത്. അരുണാചൽ പ്രദേശ്‌, അസം, മണിപ്പുർ, മിസോറം, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ ‘സപ്തസഹോദരിമാരെ’ കാവിയണിയിക്കുകയെന്ന ദീർഘനാളത്തെ അജൻഡയാണു മാർച്ചിൽ പൂവണിഞ്ഞത്. കാൽനൂറ്റാണ്ടു കാലത്തെ ഇടതുഭരണം തൂത്തെറിഞ്ഞു ത്രിപുരയിലും ബിജെപി അധികാരത്തിലേറി.

ത്രിപുരയിൽ 25 വര്‍ഷത്തെ ഒറ്റക്കക്ഷി ഭരണം എന്ന ‘നെഗറ്റീവ് പോയിന്റ്’ ആയിരുന്നു തുറുപ്പുചീട്ട്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നാഗാലാൻഡിലും മേഘാലയയിലും പതിവ് ഹിന്ദുത്വ പ്രചാരണത്തിനു പകരം വികസനമായിരുന്നു ആയുധം. ഇവിടെ ‘ബീഫ് പൊളിറ്റിക്സ്’ ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പു നടന്ന ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ ബിജെപിയോ എൻഡിഎ മുന്നണിയോ ഭരണം നേടി. 2017 ഡിസംബറിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന തിരഞ്ഞെടുപ്പിലും ബിജെപിക്കായിരുന്നു മുന്നേറ്റം. ഈ കരുത്തുമായാണു കർണാടകയിൽ എത്തിയത്. ഇവിടെ നേടിയാൽ ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ എളുപ്പം തുറക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.

മേയ് 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു പാർട്ടിക്കും സർക്കാരുണ്ടാക്കാൻ വേണ്ട കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. 104 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 78 സീറ്റുള്ള കോൺഗ്രസ് അതിവേഗം കരുക്കൾ നീക്കി. 37 സീറ്റുള്ള ജെഡിഎസുമായി കൈകോർത്തു. സർക്കാരുണ്ടാക്കാൻ കോൺഗ്രസ്–ജെഡിഎസ് സഖ്യവും ബിജെപിയും അവകാശമുന്നയിച്ചു. ജനപ്രതിനിധികളെ കളംമാറ്റിക്കുന്നതിനും കുതിരക്കച്ചവടത്തിനും കളമൊരുങ്ങി. ബിജെപി ‘ഓപറേഷൻ താമര’ വീണ്ടും പൊടിതട്ടിയെടുത്തു. എംഎൽഎമാരെ പാർട്ടികൾ റിസോർട്ടുകളിലേക്കു മാറ്റി. നൂറുകോടി രൂപ  എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. ദേശീയതലത്തിൽ നിറംകെട്ട ബിജെപി, സർക്കാരുണ്ടാക്കി ചീത്തപ്പേരു മാറ്റാമെന്നു മോഹിച്ചു. പക്ഷേ, ഏറ്റവുമൊടുവിൽ രാജിവച്ച് യെഡിയൂരപ്പ തടിയൂരി. വടക്കുകിഴക്കിലെ വിജയാരവത്തെ കന്നഡക്കാറ്റ് ഊതിക്കെടുത്തി.

ഞെട്ടിത്തരിച്ച് മോദിയും ഷായും

ചുണ്ടിനും കപ്പിനുമിടയിൽ ഭരണമധുരം തട്ടിമാറ്റിയതിന്റെ ഞെട്ടലിലാണു മോദിയും ഷായും. കർണാടകയിലെ വാശിയേറിയ പോരാട്ടത്തിൽ ബിജെപിയെ ഇത്രടം വരെ എത്തിച്ചതു മോദിയാണ്. ഭൂരിപക്ഷം ഉറപ്പിച്ചെന്നു കരുതി ബിജെപി ആഹ്ലാദാരവം മുഴക്കവേ, കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കാൻ കോൺഗ്രസ് നടത്തിയ ചടുലനീക്കം അവരെ അമ്പരപ്പിച്ചു. കർണാടകയിലെ ത്രിശങ്കു സഭ, ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള ആലോചനയിൽനിന്നു മോദിയെ തടഞ്ഞേക്കും. 2019 മേയിൽ നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് ആറുമാസം  നേരത്തേയാക്കാനായിരുന്നു പദ്ധതി.

നിയമസഭയിൽ ബിജെപി അംഗസംഖ്യ ഉയർത്തിയെങ്കിലും 2014ൽ കർണാടകയിൽ നേടിയ 17 ലോക്‌സഭാ സീറ്റുകളുടെ തിളക്കമില്ല. ബിജെപി ഭരണത്തിലുള്ള ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. ജനതാദൾ മേധാവി എച്ച്.ഡി.ദേവെഗൗഡയുമായി നേരിട്ട് ആശയവിനിമയം നടത്താൻ സോണിയ ഗാന്ധി മുന്നിട്ടിറങ്ങിയപ്പോൾ, കേവലഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അമിത്‌ ഷാ. കഴിഞ്ഞവർഷം ഗോവ, മണിപ്പുർ, മേഘാലയ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം പിടിച്ച ഷായുടെ ‘ചാണക്യതന്ത്രം’ ഇത്തവണ കോൺഗ്രസ് തിരിച്ചുവച്ചെന്നു മാത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയ ഒടുവിലത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയത്തിൽ ഉത്തേജിതനായാണു വാജ്‌പേയി 2004ൽ തിരഞ്ഞെടുപ്പ് നേരത്തേയാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക നിലയും മെച്ചമായിരുന്നു. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന പ്രചാരണവുമായി തിരഞ്ഞെടുപ്പ് നേരിട്ട ബിജെപിയെ അന്നു വിഭജിച്ചുനിന്ന പ്രതിപക്ഷം പരാജയപ്പെടുത്തി.

ഇനി ശക്തമാകും പ്രതിപക്ഷം

രാഹുൽ ഗാന്ധി അധ്യക്ഷനായതോടെ കോൺഗ്രസ് ഉഷാറിലാണ്. ബിജെപിയുടെ തേരോട്ടത്തിൽ പല സംസ്ഥാനങ്ങളും കൈമോശം വന്നെങ്കിലും ദേശീയതലത്തിൽ മുഖ്യഎതിരാളിയെന്ന പരിവേഷം ഇപ്പോഴും കോൺഗ്രസിനുണ്ട്. മോദി–രാഹുൽ പോരാട്ടം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുന്നു. ഗോവയും മണിപ്പുരും മേഘാലയയും കൈവിട്ടതിന്റെ കയ്പിൽനിന്ന് പാഠംപഠിച്ച നേതൃനിരയാണു കോൺഗ്രസിനെന്നതിന് കർണാടകയിലെ നീക്കങ്ങൾ തെളിവ്. ചടുലമായ രാഷ്ട്രീയനീക്കത്തിന് ഇനിയും ബാല്യമുണ്ടെന്നു സോണിയാഗാന്ധിയും നിയമപോരാട്ടങ്ങളിൽ പിന്നോട്ടില്ലെന്നു മുതിർന്ന നേതാക്കളും വിളിച്ചുപറഞ്ഞതിനും കർണാടക സാക്ഷിയായി.

ബിജെപിക്കെതിരെ ഫെഡറൽ കൂട്ടായ്മ ലക്ഷ്യമിടുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കർണാടകയിലെ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ചു. യുപിയിലെ എസ്പി– ബിഎസ്പി സഖ്യമാതൃക മറ്റു സംസ്ഥാനങ്ങളിലും പിന്തുടരാനാണു മമതയുടെ ആഹ്വാനം. കുറിയ പാസുകളിലൂടെ ഗോളാരവം മുഴക്കുന്ന പന്തുകളിക്കാരനെപ്പോലെയാണ് ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം. പല തുരുത്തുകളിൽ ചിതറിക്കിടക്കുന്ന പ്രതിപക്ഷ ശക്തികൾ ഏകോപിക്കേണ്ടതിന്റെ ആവശ്യകതയാണ് കർണാടക ഉയർത്തുന്നത്. 2019ലെ ഫൈനലിൽ ഏകപക്ഷീയമായി ജയിക്കാമെന്ന ബിജെപി–മോദി മോഹങ്ങൾക്കേറ്റ തിരിച്ചടിയാകുമോ കർണാടക?