പതിമൂന്നുകാരനെ സൈക്കോളജിസ്റ്റ് പീഡിപ്പിച്ച സംഭവം: പരാതി പൂഴ്ത്തി പൊലീസ്

ഫോർട് പൊലീസ് സ്റ്റേഷൻ

തിരുവനന്തപുരം∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരെ നൽകിയ ബാല പീഡന പരാതി പൊലീസ് അട്ടിമറിച്ചെന്ന് ആരോപണം. പഠനവൈകല്യത്തിനുള്ള ചികിത്സയ്ക്കായെത്തിയ പതിമൂന്നുകാരനെ തിരുവനന്തപുരത്തെ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഗിരീഷ് പീഡിപ്പിച്ചതായുള്ള പരാതിയിൽ നീതി ലഭിച്ചില്ലെന്നു കുട്ടിയുടെ മാതാവ് ‘മനോരമ ന്യൂസി’നോടു പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

പോക്സോ വകുപ്പു പ്രകാരമുള്ള കേസുകളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും പൊലീസ് പാലിച്ചില്ലെന്നും പരാതി നൽകിയ ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. പത്തു മാസം മുൻപ് നൽകിയ പരാതി പൊലീസ് പൂഴ്ത്തുകയായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും എഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിനിടെ പലപ്പോഴായി ഡോക്ടർ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചിരുന്നു.  കേസിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് ഡോക്ടറുടെ സുഹൃത്തുക്കൾ സമീപിച്ചതായും മാതാവ് പറഞ്ഞു.

2017 ഓഗസ്റ്റ് 14നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. സ്കൂളിലെ കൗൺസിലറുടെ നിർദേശ പ്രകാരമാണു ഡോക്ടറെ കാണാനെത്തിയത്. സ്വന്തമായുള്ള സ്വകാര്യ ക്ലിനിക്കിലെ പരിശോധനയ്ക്കിടെ കുട്ടിയോട് ഡോക്ടർ ഒറ്റയ്ക്കു സംസാരിച്ചിരുന്നു. അതിനിടെയായിരുന്നു പീഡനം. സംഭവം അന്നു തന്നെ ചൈൽഡ് ലൈനിൽ അറിയിച്ചിരുന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഓഗസ്റ്റ് 16ന് എഫ്ഐആറും റജിസ്റ്റർ ചെയ്തു. എന്നാൽ ഇടയ്ക്ക് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങിയതൊഴിച്ചാൽ പത്തു മാസത്തിനിടെ പൊലീസ് യാതൊന്നും ചെയ്തില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു. ഡോക്ടറെ ചോദ്യം ചെയ്തോ എന്നു പോലും അറിയില്ല.

കേസിന്റെ വിശദാംശങ്ങൾ ചൈൽഡ് ലൈനിൽ അറിയിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കേസിൽ തുടർനടപടി എന്തായെന്നറിയാൻ ചൈൽഡ് ലൈൻ നിരന്തരം പൊലീസുമായി ബന്ധപ്പെട്ടിരുന്നെങ്കിലും യാതൊന്നും സംഭവിച്ചില്ല. അതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ പരാതി നൽകിയത്. കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമപ്രകാരം പരാതി ലഭിച്ചു മണിക്കൂറുകൾക്കകം നടപടിയെടുക്കേണ്ട സാഹചര്യത്തിലാണ് പത്തു മാസമായി യാതൊരു മറുപടിയും നൽകാതെ പൊലീസ് കേസ് പൂഴ്ത്തിയിരിക്കുന്നത്.