ലോയ കേസിലെ വിധി പുനഃപരിശോധിക്കണം: ബോംബെ ലോയേഴ്സ് അസോസിയേഷൻ

ന്യൂഡൽഹി∙ സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വിലക്കിയ സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ ബോംബെ ലോയേഴ്സ് അസോസിയേഷൻ. സുപ്രീം കോടതിയെത്തന്നെയാണ് അസോസിയേഷൻ മുൻ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്. കോടതിയുടെ വേനൽ അവധിക്കുശേഷം ഹർജി സമർപ്പിക്കുമെന്നാണ് വിവരം. കേസിൽ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന കോടതി നിലപാട് ജനാധിപത്യ മൂല്യങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഇതു ജൂഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തുന്നതാണെന്നും അസോസിയേഷൻ പറയുന്നു.

സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഹൃദയാഘാതം വന്നാണ് ജഡ്ജി ലോയ മരിച്ചതെന്നാണ് കേസിലെ അന്വേഷണ ആവശ്യം തള്ളിക്കൊണ്ട് ഏപ്രിൽ 19ലെ ഉത്തരവിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ച് പറഞ്ഞത്. ക്രോസ് വിസ്താരം നടത്താത്ത ജില്ലാ ജഡ്ജിമാരുടെ പ്രസ്താവനയെ ആശ്രയിച്ചാണ് കോടതി ഉത്തരവെന്നും അസോസിയേഷൻ വ്യക്തമാക്കി.

2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ലോയയെ നാഗ്പുരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം നാഗ്പുരിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം രംഗത്തുവരികയായിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അദ്ദേഹത്തോടു കോടതിയിൽ ഹാജരാകാൻ ലോയ ഉത്തരവിട്ടിരുന്നു.