ഈ കൂടിച്ചേരൽ ബിജെപിക്കുള്ള ‘സന്ദേശം’; സ്ഥിതിഗതികൾ മാറുമെന്നും കുമാരസ്വാമി

ഇനി കുടുംബപടം: സ്ഥാനാരോഹണത്തിനുശേഷം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ ചിത്രമെടുക്കാന്‍ ക്ഷണിക്കുന്ന മകനും നടനുമായ നിഖില്‍. അനിത കുമാരസ്വാമി സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

ബ‌െംഗളൂരു∙ കർണാടകയിൽ ജനതാദൾ സെക്കുലർ – കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെല്ലാം ചടങ്ങു വീക്ഷിക്കാൻ എത്തിയിരുന്നു.

ഒറ്റകക്ഷി സർക്കാരിനേക്കാൾ മികച്ചതായിരിക്കും കോൺഗ്രസ്–ജെഡിഎസ് സഖ്യ സർക്കാരെന്നു കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉന്നമനത്തിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കും. സത്യപ്രതിജ്ഞയ്ക്കു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെത്തിയതു ബിജെപിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടെന്ന സന്ദേശം നൽകുന്നതിന്. 2019ൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിയിൽ വലിയ മാറ്റമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.

ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഐ നേതാവ് ഡി.രാജ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി, ആർജെഡി നേതാവ് തേജസ്വി യാദവ്, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ദൾ പ്രതിനിധികളായി സംസ്ഥാന ജന.സെക്രട്ടറി അഡ്വ.ബിജിലി ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് തെറ്റയിൽ എന്നിവർ പങ്കെടുത്തു. 

കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ എച്ച്.ഡി. കുമാരസ്വാമിയെ ഗവര്‍ണര്‍ വാജുഭായ് വാല അഭിനന്ദിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍

നാളെ സ്പീക്കർ തിരഞ്ഞടുപ്പിനു പിന്നാലെ വിശ്വാസവോട്ട് തേടും. 117 എംഎൽഎമാരുടെ പിന്തുണയാണു െജഡിഎസ്– കോൺഗ്രസ് സഖ്യത്തിനുള്ളത്. എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം തുടരുന്നെന്ന ആശങ്കയിൽ ഇരു പാർട്ടികളും ജാഗ്രതയിലാണ്.