മോദിയുടെ ബിരുദ രേഖ വേണമെന്ന ആവശ്യം പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഡൽഹി സർവകലാശാല

ന്യൂ‍ഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ രേഖകൾ ലഭ്യമാക്കണമെന്ന ആവശ്യം പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഡൽഹി സർവകലാശാല. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷ തള്ളിയതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ആർടിഐ പ്രവർത്തകരായ അഞ​്ജലി ഭരദ്വാജ്, നിഖിൽ ഡേ, അമൃത ജോഹ്‌രി എന്നിവർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സർവകലാശാല നിലപാട് അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1978ലെ ബിഎ പരീക്ഷയുടെ രേഖകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. സർവകലാശാല റജിസ്ട്രാർ ടി.കെ. ദാസാണ് ഈ ആവശ്യത്തെ പബ്ലിസിറ്റി സ്റ്റണ്ടെന്നു വിശേഷിപ്പിച്ചത്. വിഷയത്തിൽ കോടതി ഇടപെടുന്നതിനെ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും എതിർത്തു. ഹർജി ഇനി ഓഗസ്റ്റ് 23നു പരിഗണിക്കും.

പരീക്ഷാ റെക്കോർഡുകൾ കൈമാറണമെന്ന് 2016 ഡിസംബറിൽ കേന്ദ്ര വിവരാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സർവകലാശാല ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.