കെഎസ്ആർടിസിയിൽ 222 ‘സംരക്ഷിത തൊഴിലാളികൾ’; നിയമാനുസൃതമല്ലെന്ന് തച്ചങ്കരി

ഫയൽ ചിത്രം

കോട്ടയം∙ കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത തൊഴിലാളി സംഘ‌‌ടനകളിൽ അംഗമായ ജീവനക്കാർക്കു നൽകിവരുന്ന ‘സംരക്ഷിത തൊഴിലാളി’ ആനുകൂല്യം നിയമാനുസൃതമല്ലെന്നും തെറ്റായ കീഴ്‍വഴക്കങ്ങളുടെ അനുകരണമാണെന്നും ചെയർമാൻ ആൻ‍ഡ് മാനേജിങ് ഡയറക്ടർ ടോമിൻ ജെ.തച്ചങ്കരി. 222 പേർക്കാണു കെഎസ്‍ആർടിസിയിൽ സംരക്ഷിത തൊഴിലാളി പദവിയുള്ളത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ മറ്റു സർവീസ് മേഖലകളിലോ ഇത്രയും ഭീമമായ സംഖ്യയില്ല. കെഎസ്ഇബിയിൽ പോലും സംസ്ഥാന നേതാക്കൾക്കു മാത്രമാണ് ഈ പദവി. കോർപറേഷനിലെ 222 പേരും സംഘടനാ പ്രവർത്തനത്തിനാണു മുൻതൂക്കം നൽകുന്നത്. ആറായിരത്തോളം ബസുകളുണ്ടെങ്കിലും അവ ഓടിക്കാനുള്ള ഡ്രൈവർമാർ ഇല്ലാത്തപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡ്രൈവർമാരില്ലാത്തതിനാൽ ശരാശരി 60 ലക്ഷം രൂപയുടെ നഷ്ടം കോർപറേഷനു സംഭവിക്കുമ്പോഴാണ് ഈ കീഴ്‍വഴക്കം. 

കോർപറേഷൻ ജീവനക്കാരുടെ കോ–ഓപറേറ്റിവ് സൊസൈറ്റിയുടെ ഭരണസമിതി അംഗങ്ങളായ 11 പേർക്കും സംരക്ഷിത പദവിയുണ്ട്. ഇതും അർഹതയില്ലാത്തതാണെന്നും ജീവനക്കാർക്ക് അയച്ച കുറിപ്പിൽ തച്ചങ്കരി വ്യക്തമാക്കി. അതിനിടെ, ഡ്രൈവർമാരുടെ കുറവു പരിഹരിക്കാൻ വിരമിച്ചവരെ ജോലിക്ക് എടുക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. 659 ഡ്രൈവർമാരാണ് ഈ വർഷം സർവീസിൽ നിന്നു വിരമിക്കുന്നത്.