‘പദവി ആഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടില്ല’; കുമ്മനം രാജശേഖരൻ മിസോറം ഗവർണർ

കുമ്മനം രാജശേഖരൻ

ന്യൂഡൽഹി∙ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചു. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ നിലവിൽ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഗവർണർ പദവിയെന്നാണു സൂചന. എന്നാൽ ഗവർണർ പദവി താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം പ്രതികരിച്ചു.

കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു മറുപടി. ‘മറ്റുള്ളവർ പറഞ്ഞ അറിവേയുള്ളൂ. എനിക്ക് ഇതുവരെ ഉത്തരവൊന്നും ലഭിച്ചിട്ടില്ല. അതു ലഭിക്കാതെ ഇതിന്മേൽ മറുപടി പറയാനുമാകില്ല. പദവി ഞാനാഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടുമില്ല– കുമ്മനം വ്യക്തമാക്കി.

നിലവിലെ ഗവർണർ നിർഭയ് ശർമയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണു കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചത്. ഹരിയാനയിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ഗണേശ് ലാലിനെ ഒഡീഷ ഗവർണറായും നിയമിച്ചതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

1952 ഡിസംബർ 23ന് കോട്ടയം ജില്ലയിൽ അയ്മനം കുമ്മനത്താണു രാജശേഖരന്റെ ജനനം. അച്ഛൻ: അഡ്വ. വി.കെ. രാമകൃഷ്ണപിള്ള. അമ്മ: പി. പാറുക്കുട്ടിയമ്മ, സഹോദരങ്ങൾ ആറുപേർ. അവിവാഹിതനാണ്. കോട്ടയം എൻഎസ്എസ് ഹൈസ്കൂളിലും സിഎംഎസ് കോളജിലുമായിരുന്നു ആദ്യകാല പഠനം. പിന്നീട് ജേണലിസം ആൻഡ് പബ്ലിക് റിലേഷൻസ് യോഗ്യത നേടി. പത്രപ്രവർത്തനം 1974ൽ ദീപികയിൽ തുടങ്ങി. രാഷ്ട്രവാർത്ത, കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി പത്രങ്ങളിൽ സബ് എഡിറ്ററായിരുന്നു. ആർഎസ്എസ് മുഖപത്രം ജന്മഭൂമിയിൽ 1989ൽ പത്രാധിപരും 2007ൽ എംഡിയും 2011ൽ ചെയർമാനുമായി. 

1976 മുതൽ 1987വരെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ ആറു മാസം നീണ്ട പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ചു. ഈ സമരമാണ് കുമ്മനം രാജശേഖരൻ എന്ന നേതാവിനെ കേരളത്തിനു സുപരിചിതനാക്കിയത്. വിദ്യാർഥിയായിരിക്കെ ആർഎസ്എസിൽ ചേർന്നു. 1981ൽ വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.1987ൽ സർക്കാർജോലി രാജിവച്ച് ആർഎസ്എസ് പ്രചാരകനായി.

1992ൽ ഹിന്ദു ഐക്യവേദി ജനറൽ കൺവീനറായി. 1996ൽ വിഎച്ച്പി സംഘടനാ സെക്രട്ടറിയായി. ഹിന്ദു മുന്നണി സ്ഥാനാർഥിയായി 1987–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ മൽസരിച്ചു രണ്ടാം സ്ഥാനത്തെത്തി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിന് 2012 മുതൽ നേതൃത്വം നൽകുന്നു. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.