നെടുങ്കണ്ടത്ത് പുലി ഭീതി; വലിയ നായയെന്നു വനംവകുപ്പ്

പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ

നെടുങ്കണ്ടം ∙ ചോറ്റുപാറ മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. വനംവകുപ്പ് നടത്തിയ തെരച്ചിലിൽ പുലിയല്ല നായയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ തൂക്കുപാലത്തിനു സമീപം ചോറ്റുപാറയി‍ൽ‌ കണ്ട കാൽപ്പാടുകൾ പുലിയുടേതെന്നു കരുതി പ്രദേശവാസികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ചോറ്റുപാറ സ്വദേശി സുബാഷിന്റെ വീടിന്റെ പരിസരത്താണ് കാൽപ്പാടു കണ്ടെത്തിയത്.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധനയ്ക്കെത്തി. പ്രാഥമിക പരിശോധനയിൽ, വലിയ ഇനത്തിലുള്ള നായയുടെ കാൽപ്പാടാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. പരിശോധനയ്ക്കായി കാൽപ്പാടിന്റെ ചിത്രം ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കേരള–തമിഴ്നാട് അതിർത്തി വനമേഖലയിൽ നിന്നെത്തിയ കാട്ടുപൂച്ചയാണ് വില്ലനെന്നും വനംവകുപ്പിനു സംശയമുണ്ട്.

വനംവകുപ്പ് കല്ലാർ സെക്‌ഷൻ ഓഫിസർ എസ്.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തെരച്ചിലിൽ പുലിയുടെ കാൽപ്പാടു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സമീപകാലത്ത് നെടുങ്കണ്ടം മേഖലയിലും പുലിയെത്തിയെന്ന ഭീതി പരന്നിരുന്നു. തുടർപരിശോധനയിൽ അത് കൂറ്റൻ കാട്ടുപൂച്ചയാണെന്നു വനംവകുപ്പ് കണ്ടെത്തിയിരുന്നു.