അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനെ വീഴ്ത്തും: അമിത് ഷാ

ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യം 2019ൽ ബിജെപിക്കു വെല്ലുവിളിയാണെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ. എന്നാൽ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര സർക്കാർ നാലു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചാണ് ബിജെപി അധ്യക്ഷൻ മാധ്യമങ്ങളോടു നിലപാട് വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ബിജെപിക്കു താൽപര്യമില്ല. 2019ൽ മഹാരാഷ്ട്രയിൽ സേനയും ബിജെപിയും ഒരുമിച്ചു പോരാടും. ശിവസേനയെ എൻഡിഎയിൽ നിന്നു പുറത്താക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. എന്നാൽ അവർ പുറത്തുപോകുകയാണെങ്കിൽ അത് അവരുടെ താൽപര്യമാണ്. ഏതു സാഹചര്യവും നേരിടാൻ ഞങ്ങൾ തയാറാണ്– അമിത് ഷാ പറഞ്ഞു.

2019 തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്കു തോൽപ്പിക്കാനാകില്ലെന്ന ബോധ്യമുണ്ടായതുകൊണ്ടു പ്രതിപക്ഷ പാർട്ടികൾ സമാനസ്വഭാവമുള്ള കക്ഷികളുമായി യോജിക്കുകയാണ്. 2014 ലും അവർ ബിജെപിക്കെതിരെ പോരാടി. പക്ഷേ ഞങ്ങളെ തടയുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിക്കാത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും 2019ൽ ബിജെപി ജയിച്ചുകയറും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റില്ലെന്നും ബിജെപി അധ്യക്ഷന്‍ അറിയിച്ചു.