സ്വയംപുകഴ്ത്തലിന് ‘എ പ്ലസ്’, മറ്റുള്ളവയ്ക്ക് ‘എഫ്’; മോദിക്ക് മാർക്കിട്ട് രാഹുൽ

ന്യൂഡൽഹി∙ രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാർക്കിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ നാലു വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ മാർക്കിടൽ.

കൃഷി, വിദേശകാര്യം, ഇന്ധനവില, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് ‘എഫ്’ ഗ്രേഡും മുദ്രാവാക്യം സൃഷ്ടിക്കലിനും സ്വയം പുകഴ്ത്തലിനും ‘എ പ്ലസ്’ ഗ്രേഡും നൽകിയിരിക്കുന്നു. യോഗയ്ക്ക് ‘ബി നെഗറ്റീവ്’ ആണ് ഗ്രേഡായി നൽകിയിരിക്കുന്നത്. ആശയകൈമാറ്റത്തിൽ വിദഗ്ധൻ, വലിയ പ്രശ്നങ്ങൾ നേരിടാൻ പ്രയാസം, ശ്രദ്ധക്കുറവ് എന്നിവയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടവയായി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ നാലാം വാർഷികം വഞ്ചനാദിനമായിട്ടാണ് കോൺഗ്രസ് ആചരിക്കുന്നത്. നേരത്തെ, ഫിറ്റ്നസ് വിഡിയോ ഷെയർ ചെയ്യണമെന്ന ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വെല്ലുവിളിയേറ്റെടുത്ത മോദിയുടെ മുന്നിൽ മറ്റൊരു വെല്ലുവിളിയുമായി രാഹുൽ എത്തിയിരുന്നു. കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനു മുൻപ് ഇന്ധനവില കുറയ്ക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.