റോഡ് ഷോ നടത്തിയാൽ കർഷക പ്രശ്നം തീരുമോ?; മോദിയോട് അഖിലേഷ്

സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്

ലക്നൗ ∙ യുപിയിലെ കരിമ്പു കർഷകരുടെ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടാത്തതിനെതിരെ സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഡൽഹി– മീററ്റ് എക്സ്പ്രസ് വേയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം മോദി റോ‍ഡ്ഷോ നടത്തിയതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. റോഡ് ഷോകൾ സംഘടിപ്പിച്ചാൽ കരിമ്പു കർഷകര്‍ക്കു കിട്ടാനുള്ള പണം കിട്ടുമോയെന്ന് അഖിലേഷ് ചോദിച്ചു.

കർഷകർക്ക് എത്ര പണം ലഭിക്കാനുണ്ടെന്ന് ബാഗ്പത്ത്, ബിനര്‍, മീററ്റ്, ഷമ്‍ലി, മുസഫർനഗർ എന്നിവങ്ങളിലെ ജനങ്ങൾക്കറിയാം. സംസ്ഥാനത്തെ വിദ്യാർഥികളെയും ബിജെപി സർക്കാർ പറഞ്ഞു പറ്റിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. പ്രതിഫലം ആവശ്യപ്പെട്ടുള്ള ധർണയ്ക്കിടെ യുപിയിൽ കരിമ്പു കർഷകൻ മരിച്ചിരുന്നു.

എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനായി യുപിയിലെത്തിയ മോദി, കര്‍ഷകരുടെ പ്രശ്നങ്ങളൊഴിവാക്കാന്‍ കേന്ദ്രസർക്കാർ ഇടപെടുമെന്നു പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണു വിമർശനവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയത്. അധികാരത്തിലെത്തി 14 ദിവസത്തിനകം പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുമെന്നാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ വാക്കു നല്‍കിയതെന്ന് കരിമ്പു കർഷകര്‍ പറയുന്നു. എന്നാൽ ഒരു വർഷമായിട്ടും ഒന്നും സംഭവിക്കാത്തതിനെത്തുടർന്നാണ് കർഷകർ സമരവുമായി രംഗത്തിറങ്ങിയത്.

അഞ്ചു മാസത്തിനിടെ വൈദ്യുതി ചാർജ് രണ്ടു തവണ ഉയർത്തിയതും കർഷകരുടെ പ്രശ്നങ്ങൾ രൂക്ഷമാക്കിയതായി ആർഎൽഡിയും വ്യക്തമാക്കി. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കയ്റാനയ്ക്കു സമീപമാണ് കര്‍ഷക സമരങ്ങൾ നടന്നതെന്നതും പ്രശ്നം രൂക്ഷമാക്കി.