മഹാരാഷ്ട്രയിൽ എൻഡിഎ തകർന്നാൽ കോൺഗ്രസ് അധികാരത്തിൽ: ബിജെപി മന്ത്രി

മുംബൈ ∙ ബിജെപി – ശിവസേന സഖ്യം തകർന്നാൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് മുതിർന്ന ബിജെപി നേതാവും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ. ശിവസേനയുമായി സഖ്യത്തിലേർപ്പെടാൻ ബിജെപി നിർബന്ധിതമായിരിക്കുകയാണ്. ആ സഖ്യം തകർന്നാൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്ന് ചന്ദ്രകാന്ത് പാട്ടീൽ കോലാപുരിൽ മാധ്യമങ്ങളോടു പറഞ്ഞു.

നാളെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാൽഘർ മണ്ഡലത്തിൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ‘തെറ്റായ രാഷ്ട്രീയ’മാണ് കളിച്ചത്. ഇരുപാർട്ടികൾക്കുമിടയിലെ പ്രശ്നങ്ങൾക്കു കാരണം ഉദ്ധവ് ആണെന്നും പാട്ടീൽ കുറ്റപ്പെടുത്തി. കഴിഞ്ഞ നാലു വർഷത്തിനിടെ ബിജെപിയും ശിവസേനയും യോജിച്ച് ഒരു തിരഞ്ഞെടുപ്പിനെപ്പോലും നേരിട്ടിട്ടില്ലെന്നും പാട്ടീൽ പറഞ്ഞു.

ജനുവരിയിൽ ബിജെപി സിറ്റിങ് എംപി ചിന്താമൻ വാനഗയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകൻ ശ്രീനിവാസ് വാനഗയാണ് ശിവസേനയ്ക്കായി ജനവിധി തേടുന്നത്. ബിജെപിയോട് ആലോചിക്കാതെയാണ് ശിവസേന സ്ഥാനാർഥിയെ തീരുമാനിച്ചത്. രജേന്ദ്ര ഗാവിത്താണ് ഇവിടുത്തെ ബിജെപി സ്ഥാനാർഥി.