യാത്രക്കാർ പോലുമറിഞ്ഞില്ല; കൊച്ചിയിൽ മഴയിൽ വിമാനം നിയന്ത്രണം തെറ്റി, അദ്ഭുത രക്ഷപ്പെടൽ

നെടുമ്പാശേരി∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന്റെ നിയന്ത്രണം തെറ്റി. റൺവേയുടെ മധ്യഭാഗത്തു നിന്നും മാറി ഓടിയ വിമാനം പൈലറ്റ് പെട്ടെന്നു നേരെയാക്കിയതിനാൽ അപകടമുണ്ടായില്ല. വിമാനത്തിലെ യാത്രക്കാർ പോലും അറിയാതെ വിമാനം പാർക്കിങ് ബേയിലെത്തിച്ചു.

ഞായറാഴ്ച വൈകിട്ടു നാലോടെയാണു വിമാനം കൊളംബോയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയത്. ഇറങ്ങുന്ന സമയത്തു ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. അതിനാൽത്തന്നെ പൈലറ്റ് അതീവ ജാഗ്രതയിലുമായിരുന്നു. ഇറങ്ങിക്കൊണ്ടിരിക്കെ ശക്തമായ കാറ്റ് വിമാനത്തിനെ റൺവേയുടെ മധ്യരേഖയിൽ നിന്നും അൽപം മാറ്റിക്കൊണ്ടു പോയി. വിമാനത്തിന്റെ പിൻഭാഗത്തെ ഒരു വീൽ റൺവേയ്ക്കരികിലെ ചെളിയിൽ പുതയുന്നതിനു മുൻപായി വിമാനത്തിന്റെ നിയന്ത്രണം പൂർണമായും പൈലറ്റിനു ലഭിച്ചതോടെ വിമാനം സുരക്ഷിതമായി ഓടിച്ച് പാർക്കിങ് ബേയിലെത്തിച്ചു.

 ഇരുനൂറൂളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല. വിമാനത്തിനു കൂടുതൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതിനാലും ചെളിയും മറ്റും കഴുകിക്കളയേണ്ടതിനാലും വിമാനം വൈകിയേ തിരികെ കൊളംബോയിലേക്ക് പുറപ്പെടൂ.