ചോദ്യങ്ങൾ ‘ഇഷ്ടമില്ലാത്ത’ മോദിയെ വിട്ടുപോന്നു; ആ സീറ്റും ബിജെപിക്കു നഷ്ടം

നരേന്ദ്ര മോദി (ഫയൽ ചിത്രം)

മുംബൈ∙ മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത് എൻസിപി– കോൺഗ്രസ് സഖ്യ സ്ഥാനാർഥി മധുകർ കുക്കാഡെയാണെങ്കിലും നരേന്ദ്ര മോദിയോടു കലഹിച്ചു കോൺഗ്രസിലേക്കു ചേക്കേറിയ മുൻ ബിജെപി എംപി നാനാ പഠോളെയുടെ മുഖത്താണു ഡബിൾ ചിരി; വിജയത്തിന്റെയും ബിജെപിയോടുള്ള മധുരപ്രതികാരത്തിന്റെയും. പ്രധാനമന്ത്രി മോദിയുടെ കർഷകവിരുദ്ധ നയങ്ങൾ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞു പഠോളെ എംപിസ്ഥാനം രാജിവച്ചൊഴിഞ്ഞ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലാണു ബിജെപി തോറ്റത്. പിന്തുണയ്ക്കാനില്ലെന്നു പറഞ്ഞു ശിവസേനയും മാറി നിന്നതോടെ ബിജെപിയുടെ ഹേമന്ദ് പഠ്ളെക്കു പാടേ അടിതെറ്റി; സിറ്റിങ് സീറ്റും നഷ്ടം.

മുതിർന്ന എൻസിപി നേതാവും രാജ്യസഭാംഗവുമായ പ്രഫുൽ പട്ടേലിന്റെ തട്ടകമായിരുന്നു ഭണ്ഡാര-ഗോണ്ടിയ. 2009ൽ  2.37 ലക്ഷം വോട്ടിനു വിജയിച്ച മണ്ഡലത്തിൽ പക്ഷേ 2014ൽ പട്ടേലിനു കാലിടറി. അന്ന് ബിജെപി ടിക്കറ്റിൽ 1.49 ലക്ഷം  വോട്ടിനു ജയത്തിലേക്കു കുതിച്ച അതേ നാനാ പഠോളെയാണിപ്പോൾ കോൺഗ്രസുമായി കൈകോർത്തു ബിജെപിക്കു തിരിച്ചടിയേകിയത്. 

ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും കർഷകവിരുദ്ധ നയങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ആരോപിച്ചായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു പഠോളെയുടെ രാജി. ചോദ്യങ്ങൾ ഉന്നയിക്കുന്നത് മോദിക്ക് ഇഷ്ടമില്ലെന്നു രൂക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇറങ്ങിപ്പോക്ക്. ഒബിസി മന്ത്രാലയത്തെക്കുറിച്ചും കർഷക ആത്മഹത്യകളെക്കുറിച്ചും ബിജെപി എംപിമാരുടെ യോഗത്തിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ക്ഷുഭിതനായ മോദി, തന്നോടു വായടയ്ക്കാൻ ആവശ്യപ്പെട്ടെന്നു തുറന്നടിച്ചു. എല്ലാ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയെ ഭയന്നാണു ജീവിക്കുന്നതെന്നും തനിക്കു ഭയക്കേണ്ട കാര്യമില്ലെന്നും പറഞ്ഞാണു പഠോളെ കോൺഗ്രസ് ക്യാംപിലെത്തിയത്. 

2014ൽ പിളർന്ന കോൺഗ്രസ്-എൻസിപി സഖ്യം പുനഃസ്ഥാപിക്കുകയും എൻസിപിയുടെ കുക്കാഡെ സഖ്യ സ്ഥാനാർഥിയാകുകയും ചെയ്തതോടെ പഠോളെ ഇടയുമോ എന്ന ആശങ്ക ഉയർന്നെങ്കിലും മുൻ‘ശത്രു’ പ്രഫുൽ പട്ടേലിനൊപ്പം തോളോടു തോൾ ചേർന്ന് അദ്ദേഹം പ്രചാരണത്തിനിറങ്ങി. അതിനിടെ, മഹാരാഷ്ട്ര കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും പഠോളെയ്ക്ക്. 

കോൺഗ്രസ് – എൻസിപി സഖ്യത്തിന്റെ ശക്തമായ പ്രചാരണവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും നാടായ വിദർഭയിൽ കാലിടറില്ലെന്ന അമിത ആത്മവിശ്വാസവും ബിജെപിക്കു തിരിച്ചടിയായി. പഠോളെ എംപി സ്ഥാനം വലിച്ചെറിഞ്ഞതിനെ വിമർശിച്ചായിരുന്നു തിരഞ്ഞെടുപ്പു കാലത്തുടനീളം ബിജെപിയുടെ പ്രചാരണം. 2019ൽ താനോ, ഭാര്യ വർഷയോ ആയിരിക്കും ലോക്സഭാ സ്ഥാനാർഥികളെന്ന പ്രഫുൽ പട്ടേലിന്റെ പ്രസ്താവനയും ബിജെപി ആയുധമാക്കി. എന്നാൽ ഇതൊന്നും വിലപ്പോയില്ല.