തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പന്ത്രണ്ടിടത്തു ജയിച്ച് എൽഡിഎഫ്; യുഡിഎഫിന് ഏഴ്

തിരുവനന്തപുരം∙ സംസ്ഥാനമെമ്പാടും നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ‍ എൽഡിഎഫിനു മേൽക്കൈ. പന്ത്രണ്ടിടത്ത് എൽഡിഎഫും ഏഴിടത്ത് യുഡിഎഫും വിജയിച്ചു.

കണ്ണൂർ

ഉളിക്കൽ പഞ്ചായത്തിലെ കതുവാപ്പറമ്പ് വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ജെസി ജയിംസ് വിജയിച്ചു (ഭൂരിപക്ഷം–258). കോൺഗ്രസ് അംഗമായിരുന്ന ഷെനി ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ഇരിട്ടി നഗരസഭയിലെ ആട്ട്യലം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ.അനിത വിജയിച്ചു. (ഭൂരിപക്ഷം–253). സിപിഎം അംഗമായിരുന്ന വി.അനിത സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നു രാജി വച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്

പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധർമക്കിണർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ എം.സീമ വിജയിച്ചു. (ഭൂരിപക്ഷം–478). സിപിഎം അംഗമായിരുന്ന കണ്ടേൻ മുകേഷ് സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നു രാജി വച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്

പത്തനംതിട്ട

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു വാർഡിൽ മൂന്ന് ഇടതുമുന്നണിയും രണ്ട് യുഡിഎഫും ജയിച്ചു. യുഡിഎഫിന്റെ രണ്ടു സിറ്റിങ് സീറ്റുകളാണ് എൽ‍ഡിഎഫ് പിടിച്ചെടുത്തത്.

അങ്ങാടി പഞ്ചായത്തിൽ എട്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദീപാ സജി ഏഴ് വോട്ടിന് ജയിച്ചു. എൽഡിഎഫിൽ നിന്ന് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പഞ്ചായത്തംഗം വിദേശത്ത് പോയതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കൊല്ലം

കോർപറേഷനിലെ അമ്മൻനട ഡിവിഷനിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി ചന്ദ്രികാദേവി 242 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചന്ദ്രികാദേവിക്കു 1337 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഒ. ജയശ്രീക്ക് 1095 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥി പി. ഗംഗ 806 വോട്ടുകൾ നേടി. കഴിഞ്ഞ തവണ ബിജെപിയായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത്. കൗൺസിലർ അഞ്ജു കൃഷ്ണ ജോലി ലഭിച്ചതിനെ തുടർന്നു രാജിവച്ചതിനാലാണു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂർ വടക്ക് ഡിവിഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ ആർ.എസ്. ജയലക്ഷ്മി 1581 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജിയച്ചു. യുഡിഎഫാണ് രണ്ടാം സ്ഥാനത്ത്.

പാലക്കാട്

കുഴൽമന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷൻ എൽഎഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ. ജയരാജനാണ് വിജയിച്ചത് (ഭൂരിപക്ഷം– 1403). സിപിഎം അംഗം എ.എസ്. അനീഷ് മരിച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ചെർപ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് വാർഡിൽ സിപിഎമ്മിലെ ഷാജി പാറയ്ക്കൽ വിജയിച്ചു (ഭൂരിപക്ഷം– 263). സിപിഎമ്മിലെ വി. സുകുമാരന്റെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം

പോത്തുകല്ല് പഞ്ചായത്തിൽ കൈവിട്ടുപോയ ഭരണം ഉപതിരഞ്ഞെടുപ്പ് ജയത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. ഏഴാംവാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുൻ സിപിഎം അംഗം സി.എച്ച്.സുലൈമാൻ ഹാജിയാണ് വിജയിച്ചത്. അടുത്തിടെ ഞെട്ടിക്കുളം വാർഡ് ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ യുഡിഎഫിൽനിന്ന് ഭരണം സിപിഎം പിടിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ ഭിന്നതയെത്തുടർന്ന് സുലൈമാൻ ഹാജി രാജിവച്ചു. അതേ വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥിയായാണ് ഇപ്പോൾ വിജയിച്ചത്. 17 അംഗ ഭരണസമിതിയിൽ ഇപ്പോൾ യുഡിഎഫിന് ഒൻപത് അംഗങ്ങളായി.

മഞ്ചേരി നഗരസഭയിലെ പാലക്കളം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്‌ഥാനാർഥി കട്ടിലപ്പറമ്പ് വേലായുധൻ വിജയിച്ചു.

കോഴിക്കോട്

ഉള്ളിയേരി പഞ്ചായത്ത് 12ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിന്റെ രമ കൊട്ടാരത്തിൽ 274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് ആണു പഞ്ചായത്ത് ഭരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാർഡിലും എൽഡിഎഫ് തന്നെയാണു വിജയിച്ചത്.

തിരുവനന്തപുരം

വിളപ്പിൽ പഞ്ചായത്തിലെ കരുവിലാഞ്ചി വാർഡ് യുഡിഎഫിൽനിന്ന‌് എൽഡിഎഫ‌് സീറ്റ‌് പിടിച്ചെടുത്തു. 35 വർഷമായി കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാർഡാണ‌് എല്‍ഡിഎഫ് പിടിച്ചെടുത്തത‌്.

എറണാകുളം

ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

ഇടുക്കി

കട്ടപ്പന നഗരസഭാ ആറാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.