യുവനേതാക്കൾക്ക് സ്ഥാനമോഹമെന്ന് വയലാർ രവി

വയലാർ രവി.

ന്യൂഡൽഹി ∙ പി.ജെ.കുര്യനെതിരെ കോൺഗ്രസിലെ യുവനേതാക്കൾ രംഗത്തു വന്നതിനു പിന്നിൽ സ്ഥാനമോഹമെന്ന് വയലാർ രവി. വൃദ്ധരാകുമെന്ന് ചെറുപ്പക്കാർ ഓർക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യൻ. ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്. 

കുര്യന് ആദ്യം സീറ്റു വാങ്ങി നൽകിയത് താനാണ്. ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവരല്ല. മുതിർന്ന നേതാക്കളാണ് പാർട്ടിയുടെ കരുത്ത്. സിപിഎമ്മിനെപ്പോലെ കേഡർ പാർട്ടിയല്ല കോൺഗ്രസ്. ഇതിലും വലിയ ഗ്രൂപ്പുകൾ എഴുപതുകളിൽ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പിസമല്ല കോൺഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി പറഞ്ഞു.

പി.പി.തങ്കച്ചൻ, പി.ജെ.കുര്യൻ തുടങ്ങിയവർ മാറിനിൽക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ യുവ എംഎൽഎമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, അനിൽ അക്കര, വി.ടി.ബൽറാം തുടങ്ങിയവരാണ് രംഗത്തു വന്നത്. പാർട്ടി പറഞ്ഞാൽ മാറിനിൽക്കാൻ തയ്യാറാണെന്ന് പി.ജെ.കുര്യൻ പ്രതികരിച്ചപ്പോൾ വഹിക്കുന്ന സ്ഥാനത്തു തുടരാൻ പ്രാപ്തനാണെന്നായിരുന്നു പി.പി.തങ്കച്ചന്റെ മറുപടി.