തിരഞ്ഞെടുപ്പ് കുറ്റങ്ങൾക്ക് കൂടുതൽ ശിക്ഷ; സുപ്രീംകോടതിയില്‍ ഹർജി

ന്യൂഡൽഹി∙ രാജ്യത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ശിക്ഷ കുറഞ്ഞതു രണ്ടു വർഷമാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 1992 ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കണമെന്നാണ് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായുടെ ഹർജിയിലെ ആവശ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്കു കുറഞ്ഞ ശിക്ഷ രണ്ടു വർഷമാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് വ്യവസ്ഥയെ തന്നെ ബാധിച്ചിരിക്കുകയാണ്. 2000 മുതൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല ഉപതിരഞ്ഞെടുപ്പുകളിൽ പോലും കുറ്റകൃ‍ത്യങ്ങൾ വ്യാപകമായിത്തുടങ്ങി. വോട്ടിനു പണം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടേയും സ്ഥാനാർഥികളുടേയും രീതി ജനാധിപത്യ സംവിധാനത്തിന് എതിരാണ്. കോഴ‌, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ഐപിസി 171 ബി,സി,ഡി വകുപ്പുകൾക്കു കീഴിലാണു വരിക. ഒരു വർഷം തടവ്, പിഴ എന്നിവയോ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ.

1920ൽ ഉണ്ടാക്കിയ ശിക്ഷാ രീതികളാണിത്. കുറ്റകൃത്യങ്ങളുടെ വ്യാപ്തി കൂടി കണക്കിലെടുത്തു ശിക്ഷ വർ‌ധിപ്പിക്കണം. 1992 മുതൽ പലകുറി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും ഹർജിയിൽ പരാതിപ്പെടുന്നു. കോഴ കേസുകളുടെ ശിക്ഷയിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് 2012ലും തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം കമ്മിഷന് മറുപടി നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല.