ഷിയുമായി ഇന്ന് കൂടിക്കാഴ്ച; ആറാഴ്ചയ്ക്കിടെ മോദിയുടെ രണ്ടാം സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പുറപ്പെട്ടപ്പോൾ. ചിത്രം: പിഎംഒ, ട്വിറ്റർ

ന്യൂഡൽഹി∙ ചൈനയിലെ ക്വിങ്ദാവോയിൽ ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയോടെ എത്തും. ഇന്നുതന്നെ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തും. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനാകും ചർച്ചയിൽ ഇരുനേതാക്കളും ഊന്നൽ നൽകുക.

ആറാഴ്ചയ്ക്കിടെ രണ്ടാം തവണയാണു മോദി ചൈന സന്ദർശിക്കുന്നതും ഷി ചിൻപിങ്ങുമായി ചർച്ച നടത്തുന്നതും. രണ്ടു ദിവസത്തെ ഉച്ചകോടിക്കിടയിൽ മോദി ആറു രാഷ്ട്രത്തലവന്മാരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ആഗോളതലത്തിൽ സുപ്രധാനമായ പല തർക്കവിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. ഇറാനിലെ ആണവക്കരാറിൽ നിന്നുള്ള യുഎസ് പിന്മാറ്റം, സിംഗപ്പൂരിൽ 12നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചർച്ച, അമേരിക്കയുടെ പുതിയ വ്യാപാര നയം, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി വരെ ചർച്ചയ്ക്കു വന്നേക്കാം. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

എസ്‍സിഒ അംഗങ്ങളിൽ ഇന്ത്യ മാത്രമാണു ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ എതിർക്കുന്നത്. 2001ൽ ആണ് ആറു രാഷ്ട്രങ്ങൾ എസ്‍സിഒയ്ക്കു രൂപം നൽകിയത്. ചൈന, റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് ആദ്യ അംഗങ്ങൾ. കഴിഞ്ഞ വർഷം ഇന്ത്യയെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തി. നാലു നിരീക്ഷക രാഷ്ട്രങ്ങളുമുണ്ട് – അഫ്ഗാനിസ്ഥാൻ, ഇറാൻ, ബെലാറസ്, മംഗോളിയ. ഇതിനു പുറമേ ആറു രാഷ്ട്രങ്ങളെ ചർച്ചകളിൽ പങ്കാളികളാക്കിയിട്ടുമുണ്ട്.