പി.ജെ.കുര്യന് മറുപടിയില്ലെന്ന് ഉമ്മൻ ചാണ്ടി; കോൺഗ്രസിൽ കലഹം കനക്കുന്നു

ഉമ്മന്‍ ചാണ്ടി

പുതുപ്പള്ളി∙ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ പരാമര്‍ശത്തിനു മറുപടി നല്‍കേണ്ടത് താനല്ലെന്നും യുവ എംഎല്‍എമാരാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിച്ചോയെന്ന് അവര്‍തന്നെ വ്യക്തമാക്കണം. പി.ജെ.കുര്യന്‍ ഹൈക്കമാന്‍ഡിനു പരാതി കൊടുക്കുന്നത് നല്ലകാര്യം. രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിനു മറുപടി പറയേണ്ടത് കെപിസിസി അധ്യക്ഷൻ എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ ഗ്രൂപ്പിനു കടുത്ത അതൃപ്തി. ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമം നടക്കുന്നതായി നേതാക്കൾ ആരോപിച്ചു. മൂന്നു നേതാക്കൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയകാര്യസമിതി ചേരുന്നതിന് മുന്‍പുള്ള വിമര്‍ശനത്തില്‍ ഗൂഢോദ്ദേശ്യമുണ്ട്. വിമര്‍ശനം ഉണ്ടായിട്ടും ഐ ഗ്രൂപ്പ് മൗനംപാലിക്കുന്നെന്നും വികാരമുയർന്നു.

അനുനയശ്രമങ്ങള്‍ സജീവം, കെപിസിസി രാഷ്ട്രീയകാര്യസമിതി നാളെ

രാജ്യസഭ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി മാറിയതോടെ കോണ്‍ഗ്രസില്‍ അനുനയ ശ്രമങ്ങള്‍ തുടങ്ങി. പി.ജെ കുര്യനും വി.എം സുധീരനും ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിഞ്ഞതും പ്രതിരോധിക്കാന്‍ എ ഗ്രൂപ്പ് രംഗത്തുവന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന്റ പ്രതിഫലനമാകും നാളത്തെ രാഷ്ട്രീയകാര്യ സമിതിയിലുണ്ടാകുക.

ഉമ്മന്‍ ചാണ്ടി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പി.ജെ കുര്യന്‍ ആരോപിക്കുമ്പോൾ ഉമ്മന്‍ ചാണ്ടിയുടെ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാണെന്നാണു വി.എം സുധീരന്റെ അഭിപ്രായം‍. രാജ്യസഭ സീറ്റിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് വഴിമാറിയതാണ് പുതിയ പ്രതിസന്ധി. ഉന്നം ഉമ്മന്‍ ചാണ്ടിയായതോടെ എ ഗ്രൂപ്പ് പ്രതിരോധത്തിനിറങ്ങി. അതേസമയം െഎ ഗ്രൂപ്പില്‍ നിന്ന് കാര്യമായ പ്രതികരണമില്ല. ഇതിനിടയില്‍ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി യുവ എംഎല്‍എമാരും രംഗത്തെത്തി.

കാര്യങ്ങള്‍ കൈവിട്ടുപോകുകയും രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെ പ്രശ്നം തണുപ്പിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി നേതൃത്വം. അടുത്തദിവസം പാര്‍ട്ടിയോഗങ്ങള്‍ ചേരാനിരിക്കെ ഇനി അനാവശ്യ പ്രസ്താവനകള്‍ പാടില്ലെന്നാണു നിര്‍ദേശം. നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച വി.ടി.ബല്‍റാം അടക്കമുള്ള യുവനേതാക്കളോട് വിശദീകരണം തേടാന്‍ ആലോചിച്ചിരുന്നെങ്കിലും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി അവര്‍ക്ക് മാത്രമായി നോട്ടിസ് നല്‍കുന്നത് ശരിയല്ലെന്ന് കണ്ടതോടെ വേണ്ടെന്നുവച്ചു.

പാര്‍ട്ടിയോഗങ്ങളില്‍ അവതരിപ്പിച്ച് ഉചിതമായ നടപടിയെടുക്കാമെന്നാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതിയിലും ചൊവ്വാഴ്ചത്തെ പാര്‍ട്ടിനേതൃയോഗത്തിലും എല്ലാം മുഖത്തുനോക്കി പറഞ്ഞുതീര്‍ക്കുന്നതോടെ കലാപത്തിനു ശമനമാകുമെന്ന പ്രതീക്ഷയിലാണു നേതാക്കള്‍.