ഒറ്റ വെട്ടിനു കുര്യനും ചാക്കോയും; ഉമ്മൻ ചാണ്ടിയുടെ ‘ചാണക്യ നീക്കം’

ഉമ്മൻ ചാണ്ടി

ആരും പ്രതീക്ഷിക്കാത്ത ഒരു മിന്നലാക്രമണമായിരുന്നു അത്; ദേശീയ രാഷ്ട്രീയത്തിന്റെ തിരക്കുകളിലേക്കു കളംമാറ്റിച്ചവിട്ടുകയാണെന്നുറിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വെട്ടിനിരത്തിയത് ഒരാളെയല്ല, അനുഭവ സമ്പത്തേറെയുള്ള രണ്ടു കോൺഗ്രസ് നേതാക്കളെയാണ്. ചിലരെങ്കിലും അതിനെ പരിഹാസരൂപത്തിൽ ‘വയസ്സൻ ആഭ്യന്തര അട്ടിമറി’ എന്നും വിളിക്കുന്നു. എന്നാൽ കുശാഗ്രബുദ്ധി നിറഞ്ഞ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച മികച്ച ചില പാഠങ്ങളാണ് ഇത്തരമൊരു നീക്കത്തിലൂടെ പാർട്ടിയിലെ പുതുമുഖങ്ങൾക്ക് അദ്ദേഹം പകർന്നുകൊടുത്തിരിക്കുന്നത്. കാര്യം കാണാൻ എന്തും ചെയ്യുന്ന തരത്തിലാണു ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളെന്നു തോന്നിപ്പിക്കുമെങ്കിലും രാഷ്ട്രീയത്തിലെ ആ ‘അതിജീവനതന്ത്രം’ രണ്ടു കാര്യങ്ങളാണ് ഒരേസമയം ലക്ഷ്യമിട്ടത് – ഒന്ന് കെ.എം.മാണിയെ പ്രസാദിപ്പിക്കണം, പിന്നൊന്ന് യാതൊരു കുഴപ്പവുമില്ലാതെ അദ്ദേഹത്തിന്റെ പാർട്ടിയെ യുഡിഎഫിലേക്കു തിരികെയെത്തണം.

Read in English: Machiavellian Chandy leaves Congress' reformers rattled...

യുഡിഎഫിന്റെ വോട്ട് അടിത്തറ ബലപ്പെടുത്താനുള്ള വൻ പദ്ധതിയുടെ ഭാഗമായാണു മാണിയെ തിരികെ എത്തിച്ചത്. എന്നാൽ അതോടൊപ്പം ഒരു ചെറിയ പദ്ധതിയും ഉമ്മൻ ചാണ്ടി നടപ്പാക്കി– കേന്ദ്രനേതൃത്വത്തിൽ അസാധാരണ സ്വാധീനം ചെലുത്തി രണ്ടു മുതിർന്ന കോൺഗ്രസ് നേതാക്കളെത്തന്നെ ശിഥിലമാക്കിക്കളഞ്ഞ നീക്കമായിരുന്നു അത്. ഇവരിൽ രാജ്യസഭാ ഡപ്യൂട്ടി ചെയർമാനായ പി.ജെ. കുര്യനെ ഏറെ നാളായി ഉമ്മൻ ചാണ്ടി ലക്ഷ്യം വച്ചിരുന്നതാണ്. 2012ൽ കുര്യൻ രാജ്യസഭയിലേക്കു വരുന്നതിനു തടസ്സം നിന്ന കാര്യം ഏറ്റുപറയുക വരെ അദ്ദേഹം ചെയ്തു. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കു മുതിർന്ന കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായിരുന്ന എൻ.പി.മൊയ്തീൻ കോൺഗ്രസിന്റെ സ്ഥാനാർഥിയാവുന്നതിലായിരുന്നു താൽപര്യം. എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് അതു തള്ളി.

യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിക്കൊപ്പം

ഇത്തവണ കുര്യനെ രാജ്യസഭാ സീറ്റിലേക്കു പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പാർട്ടിയിലെ ‘യൂത്ത് ബ്രിഗേഡ്’ ശബ്ദമുയർത്തിയപ്പോൾ അതിനു പിന്നിലെ പ്രേരക ശക്തി ഉമ്മൻ ചാണ്ടിയാണെന്നു വിശ്വസിക്കുന്നവർ കോൺഗ്രസിൽത്തന്നെയുണ്ട്. അടുത്തിടെ നടന്ന കെപിസിസി നിർവാഹക സമിതി യോഗത്തിൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച ചർച്ച നടന്നപ്പോൾ ഉമ്മൻ ചാണ്ടി യുവനേതാക്കൾക്കു വേണ്ടി നിലകൊണ്ടിരുന്നു. സീറ്റു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടക്കുന്നേയുണ്ടായിരുന്നുള്ളൂ അന്ന്. മുതിർന്ന നേതാക്കൾ വർഷങ്ങളായി രാജ്യസഭാ സീറ്റുകളിൽ കടിച്ചു തൂങ്ങിക്കിടക്കുമ്പോൾ പാർട്ടിയിലെ യുവ നേതാക്കൾക്ക് സീറ്റു സംബന്ധിച്ചുള്ള തങ്ങളുടെ അവകാശവാദം എപ്പോൾ, എങ്ങനെ മുന്നോട്ടുവയ്ക്കണമെന്നു പോലും അറിയില്ലെന്നായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞത്. സാധാരണ പോലെ പറഞ്ഞതാണെന്നു തോന്നിപ്പിക്കുമെങ്കിലും അതു കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടു. നാല് യുവനേതാക്കൾ ആ ഒരൊറ്റ പരാമർശത്തിൽ പ്രകോപിതരായെന്നതു പിന്നീടുള്ള അവരുടെ നീക്കങ്ങളിൽ നിന്നു തന്നെ വ്യക്തം.

രാജ്യസഭാ സീറ്റിന്റെ പേരിൽ പാർട്ടിയിൽ കലാപമുയർത്തിയ നാലു പേരിൽ ഷാഫി പറമ്പിൽ മാത്രമാണ് ഉമ്മൻ ചാണ്ടി പക്ഷക്കാരൻ. ഹൈബി ഈഡനും അനിൽ അക്കരയും ചെന്നിത്തല പക്ഷക്കാരാണ്. വി.ടി.ബൽറാമാകട്ടെ ‘തികഞ്ഞ സ്വതന്ത്രനും’. സീറ്റിന്റെ കാര്യത്തിൽ എതിർപ്പുയർത്തിയവർക്കെല്ലാം ഒരു കാര്യത്തിൽ കൂടി ഉറപ്പുണ്ടായിയിരുന്നു– പാർട്ടിയിൽ കലാപമുണ്ടാക്കി മുന്നോട്ടു പോയാൽ ഉമ്മൻ ചാണ്ടിയുടെ പിന്തുണ എന്തായാലും ഉണ്ടാകും. രമേശ് ചെന്നിത്തലയും കുര്യനു നേരെ തന്റെ ആയുധം മൂർച്ച കൂട്ടി നിൽക്കുകയായിരുന്നു. 2004ലെ മാവേലിക്കര ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കുര്യന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാണു ചെന്നിത്തല ഇന്നും വിശ്വസിക്കുന്നത്. അന്നു മാവേലിക്കര സീറ്റില്‍ കുര്യന് ഒരു കണ്ണുണ്ടായിരുന്നു. പക്ഷേ ചെന്നിത്തല സീറ്റിനു വേണ്ടി കടുംപിടിത്തം നടത്തി. ആരും പിന്തുണയ്ക്കാനില്ലാതായതോടെ കുര്യന് അന്ന് സീറ്റും നഷ്ടമായി. അതു തന്നെയായിരുന്നു രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഇത്തവണ കോൺഗ്രസിന്റെ യുവ എംഎൽഎമാരും ലക്ഷ്യമിട്ടത്.

നാടകീയ വഴിത്തിരിവ്, അതിലൊരു ഉമ്മൻ ചാണ്ടി ‘ടച്ച്’

പി.ജെ.കുര്യനും എ.കെ.ആന്റണിയും

യുവ നേതാക്കളൊന്നും ഈ കഥയിൽ ഇത്രപെട്ടെന്നൊരു വഴിത്തിരിവ് പ്രതീക്ഷിച്ചിരുന്നില്ല. കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റായിരുന്നു. അതു കിട്ടുകയും ചെയ്തു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ‘കളി’ ആരംഭിച്ചിരുന്നതേയുളളൂവെന്ന കാര്യം യുവ നേതാക്കൾക്ക് ഉൾപ്പെടെ അപ്പോഴും പിടികിട്ടിയിരുന്നില്ലെന്നതാണു സത്യം. കുര്യനെ സീറ്റിൽ നിന്നു വലിച്ചിറക്കുകയെന്നത് ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചു പാതി ജോലി മാത്രമേ ആയിരുന്നുള്ളൂ. കുര്യൻ സ്ഥാനത്തു നിന്നു മാറിയാൽ പിന്നെ ഹൈക്കമാൻഡിന്റെ മുന്നിലുള്ളത് മുതിർന്ന കോൺഗ്രസ് നേതാവായ പി.സി.ചാക്കോയാണെന്നത് മറ്റാരേക്കാളും നന്നായി ഉമ്മൻ ചാണ്ടിക്കറിയാം. കെ.കരുണാകരൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ചു നിലകൊണ്ട നേതാവാണു ചാക്കോ.

പക്ഷംപിടിക്കാത്ത നിലപാടാണു തന്റേതെന്നു ടുജി സ്പെക്ട്രം–ടെലികോം ലൈസൻസ് സംബന്ധിച്ച അഴിമതി അന്വേഷണത്തിനായി രൂപീകരിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിയിലെ പ്രവർത്തനത്തിലൂടെ തന്നെ ചാക്കോ വ്യക്തമാക്കിയതാണ്. പാർട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ചാക്കോയുടെ ഡൽഹിയിലെ സാന്നിധ്യം മറ്റൊരു ഭീഷണിയാണ്– അസംതൃപ്തരായ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനു പിന്നിൽ അണിചേരുമെന്ന പ്രശ്നമാണത്. എന്നാൽ ജോസ്.കെ.മാണിയുടെ വരവോടെ ആ പ്രതീക്ഷയും ഇല്ലാതായി. ഇത്തരത്തിലുള്ള നീക്കങ്ങളെല്ലാം നടത്തിയെങ്കിലും ആത്യന്തികമായി ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യം അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതു തന്നെയായിരുന്നു. അതിന്റെ ഭാഗമായാണു മാണിയെ തിരികെയെത്തിച്ചതും. അതിന് ‘ഒസി’ തിരഞ്ഞെടുത്തതാകട്ടെ, തന്റെ രാഷ്ട്രീയ എതിരാളിയാണെങ്കിലും, മുൻപൊരിക്കൽ കെ.കരുണാകരൻ പ്രയോഗിച്ചു വിജയം കണ്ട ആ തന്ത്രവും!

കൂട്ടുകെട്ടിന്റെ ആ മാന്ത്രികവടി!

ഉമ്മന്‍ ചാണ്ടിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍

1970ൽ കെ,കരുണാകരനൊപ്പം ഒൻപത് എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്. ആ ബലത്തിലാണ് അന്നു തികച്ചും ‘വൈവിധ്യമാർന്ന’ ഒരു സഖ്യത്തിനു രൂപം കൊടുക്കാൻ അദ്ദേഹം മുന്നോട്ടിറങ്ങിയത്. ഒരിക്കലും ഒപ്പമുണ്ടാകില്ലെന്നു കരുതിയിരുന്ന സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളും കോൺഗ്രസും കേരള കോൺഗ്രസുമെല്ലാം ചേർന്ന് സി.അച്യുതമേനോന്റെ നേതൃത്വത്തിൽ അസാധാരണമായൊരു സഖ്യമന്ത്രിസഭ രൂപീകരിക്കാനായിരുന്നു നീക്കം. അന്നേവരെ കേരളം കണ്ടിട്ടില്ലാത്ത അത്തരമൊരു ‘പരീക്ഷണം’ ഏഴു വർഷമാണു വിജയകരമായി തുടർന്നത്. അസാധാരണമായ വൈഭവത്തോടെ നടത്തിയ ആ അറ്റകൈപ്രയോഗത്തിന്റെ ‘മാജിക്’ കരുണാകരനാണ് അങ്ങനെ കേരള രാഷ്ട്രീയത്തിന് ആദ്യമായി പരിചയപ്പെടുത്തുന്നതും.

ഒരിക്കലും വിട്ടുവീഴ്ചകൾക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു കരുതിയിരുന്ന പിണറായി വിജയൻ പോലും ആ ‘മാജിക്കി’ന്റെ പാത പിന്നീടു പിന്തുടർന്നു. ഒരൊറ്റ എംഎൽഎയുള്ള എൻസിപി, കേരളകോൺഗ്രസ്(എസ്) പോലുള്ള പാർട്ടിക്കു പോലും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകി. എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നപ്പോഴും പാർട്ടിയിലെ ഏറ്റവും അടുപ്പക്കാരിലൊരാളായ, രാജി വച്ചു മാറി നിന്നിരുന്ന, ഇ.പി.ജയരാജന്റെ പേര് ആ സ്ഥാനത്തേക്കു പിണറായി മുന്നോട്ടു വച്ചില്ല. ബന്ധുനിയമന വിവാദത്തിൽ ജയരാജൻ ‘അഗ്നിശുദ്ധി’ വരുത്തി തിരിച്ചുവന്ന സമയം കൂടിയായിരുന്നു അത്. എന്നാൽ ആ മന്ത്രിസ്ഥാനം എൻസിപിക്കു തന്നെയായി മാറ്റിവച്ചു കൊണ്ടാണു പിണറായി തങ്ങളുടെ സഖ്യകക്ഷികളോടുള്ള സ്നേഹം കാത്തുസൂക്ഷിച്ചത്.

ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും

ഇതിലും തീരുന്നില്ല. ഒരുകാലത്തു യാതൊരു ദാക്ഷിണ്യവുമില്ലാതെ ആക്ഷേപമുന്നയിച്ചതെല്ലാം മറന്ന് എം.പി.വീരേന്ദ്രകുമാറിനെയും എൽഡിഎഫിലേക്കു ക്ഷണിച്ചു പിണറായി. സിപിഎം ഇടപെടലിൽ ജയിലിലേക്ക് അയയ്ക്കപ്പെട്ട ആർ.ബാലകൃഷ്ണ പിള്ളയെ പോലും മുന്നണിയിലേക്കു സ്വാഗതം ചെയ്തു. ഒരിക്കലും തിരിച്ചുവരാൻ സിപിഎം തന്നെ അനുവദിക്കില്ലെന്നു കരുതിയിരുന്ന കെ.ആർ.ഗൗരിയമ്മയെ വരെ പിണറായി പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്ന കാഴ്ചയും കേരളം കണ്ടു. ഈഴവ സമൂഹത്തെ ഏതുവിധേനയും പാർട്ടിക്കൊപ്പം നിർത്താനുള്ള ശ്രമങ്ങളും പിണറായി തുടരുകയാണ്. അക്കാര്യത്തിൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ വിജയവും സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നുണ്ട്. കെ.എം.മാണിക്കെതിരെ ഇന്നേവരെയില്ലാത്ത വിധം ശക്തമായ ആക്രമണമാണ് അഴിമതിയുടെ പേരിൽ സിപിഎം അഴിച്ചു വിട്ടത്. എന്നിട്ടും മാണിക്കു പിന്നാലെയും പിണറായി പോയി. അവസാന നിമിഷം വരെ അനുനയത്തിനുള്ള ശ്രമങ്ങളും നടത്തി.

ഇങ്ങനെ അൽപാൽപമായി എൽഡിഎഫ് മുന്നണിക്കുള്ള പിന്തുണ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ യുഡിഎഫ് ക്യാംപ് കൊഴിഞ്ഞുപോക്കിനു മുന്നിൽ തകർന്നടിയുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റാൽ മുസ്‌ലിം ലീഗിന്റെ പിന്തുണ പോലും സംശയത്തിലാകുന്ന അവസ്ഥയാണ്. മതനിരപേക്ഷ സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുകയാണ് മുസ്‌ലിം ലീഗ് എന്നും ലക്ഷ്യമിടുന്നത്. വലതുപക്ഷ ചായ്‌വുള്ള പാർട്ടികൾ യുഡിഎഫിലേക്കു ചേക്കേറുന്നത് സഖ്യത്തിന്റെ ശക്തിയും വിജയ സാധ്യതയും കൂട്ടും. ഇതോടെ ഈ മതനിരപേക്ഷ സഖ്യത്തിൽ ഉറച്ചു നിൽക്കാൻ ലീഗ് തയാറാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ തകർച്ചയിലേക്കുള്ള യുഡിഎഫിന്റെ യാത്രയെ നേരത്തേത്തന്നെ തിരിച്ചറിഞ്ഞു ഉമ്മൻ ചാണ്ടി നടത്തിയ തന്ത്രപരമായ നീക്കമെന്നു തന്നെ പറയാം ഇതുവരെ നടന്നതെല്ലാം. ആത്യന്തികമായി തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കൊണ്ടു തന്നെയാണിതെല്ലാമെന്നതിലും യാതൊരു സംശയവും വേണ്ട.