‘കെപിസിസി പ്രസിഡന്റ് ആകേണ്ടത് പിണറായിയെ വെല്ലുവിളിക്കാന്‍ കെൽപ്പുള്ള നേതാവ്’

തിരുവനന്തപുരം∙ സിപിഎമ്മിനോടും ബിജെപിയോടും പോരാടാൻ കരുത്തുള്ള നേതാവിനെ കെപിസിസി പ്രസിഡന്റായി നിയമിക്കണമെന്നാവശ്യപ്പെട്ടു യുവനേതാക്കൾ. ഗ്രൂപ്പിന് അതീതമായ ഈ അഭിപ്രായം കേരളത്തിലെയും ഡൽഹിയിലെയും നേതാക്കളെ ഇവർ അറിയിച്ചു. കൂട്ടായ നീക്കത്തിനു പകരം തങ്ങൾക്ക് അടുപ്പമുള്ള നേതാക്കളെയാണു യുവനേതാക്കൾ അഭിപ്രായം അറിയിച്ചത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു വിജയത്തോടെ ഇടതുമുന്നണി ശക്തമായെന്ന തോന്നൽ തകർക്കുന്നതിനു സർക്കാരിനെതിരെ ആഞ്ഞടിക്കാൻ കരുത്തുള്ള നേതാവിനെ പ്രസിഡന്റാക്കണം. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കാനും തീവ്രനിലപാടുകൾ സ്വീകരിക്കാനും ശേഷിയുള്ള നേതാവിനെയാണു യുവാക്കൾ പ്രതീക്ഷിക്കുന്നത്.

മുൻപത്തേതുപോലെ മുതിർന്ന നേതാക്കൾക്കു താൽപ്പര്യമുള്ളയാളെ പ്രസിഡന്റാക്കുന്നതിനെ അവർ അംഗീകരിക്കുന്നില്ല. ഇടതുമുന്നണി അഞ്ചുവർഷം പൂർത്തിയാക്കിയാൽ യുഡിഎഫ് എന്ന കാഴ്ചപ്പാടു മാറിയിട്ടുണ്ട്. അവസരം മുതലെടുക്കാൻ ബിജെപി ജാഗ്രതയോടെ പ്രവർത്തിക്കുന്നു. യുവാക്കളെ വലവീശാനാണു സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നത്. അതിനാൽ എന്തിനും ചുട്ടമറുപടിയും ഇടപെടലും നടത്തി യുവാക്കളെ ‘കൈ’യിൽ എടുക്കാൻ പറ്റുന്നയാളാകണം പ്രസിഡന്റെന്നാണു യുവനേതാക്കൾ വാദിക്കുന്നു.

നേരത്തേയുള്ള ഫോർമുല ഇവർക്കു സ്വീകാര്യമല്ല. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റ്, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി.സതീശൻ എന്നിവരിൽ രണ്ടുപേർ വർക്കിങ് പ്രസിഡന്റ് എന്ന മട്ടിൽ കെപിസിസിയിൽ മാറ്റം വരുത്താനാണു നേതാക്കൾ നേരത്തേ തീരുമാനിച്ചരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതു നടപ്പാക്കിയിട്ടുണ്ട്. ആ ശൈലി കേരളത്തിൽ വന്നാൽ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും.

കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ 50 വയസ്സിൽ താഴെയുള്ളവരാണമെന്നു യുവനേതാക്കൾ നേരത്തേ ആവശ്യപ്പെടുന്നുണ്ട്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ ഇതു കർശനമാക്കുന്നിതിനെ മുതിർന്ന നേതാക്കൾ എതിർക്കുന്നില്ല.