കുത്തിയൊഴുകുന്ന പുഴയിൽ ഒരു കൈ സഹായം; രക്ഷകരായി കേരള പൊലീസ്

യാത്രക്കാരെ സഹായിക്കുന്നതിനായി വെള്ളപ്പാച്ചിൽ മറികടന്നു പോകുന്ന പൊലീസ് വാഹനം

കോതമംഗലം∙ പൊലീസ് വീഴ്ചകൾ തുടർക്കഥയായിരിക്കുന്ന സമയത്ത് പൊലീസുകാരെക്കുറിച്ചൊരു വേറിട്ട വാർത്ത. മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്തിൽ യാത്രക്കാരെ അക്കരെ കയറ്റി വിടുന്ന പൊലീസ് ജീപ്പിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ശക്തമായ മഴയെ തുടർന്ന് പൂയംക്കുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ കോതമംഗലം മേഖലയിലെ മണികണ്ഠംചാൽ, കല്ലേലിമേട് പ്രദേശങ്ങൾ മൂന്നു ദിവസത്തോളമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതായിരിക്കുകയാണ്. കടത്തു സർവീസ് നിർത്തിവച്ചതാണു പ്രദേശങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വെള്ളം കൂടിയതോടെ ഇതിലൂടെയുള്ള ബസ് സർവീസും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

ഇതിനിടെ മണികണ്ഠംചാലിൽനിന്നു വിവാഹത്തിൽ പങ്കെടുക്കാൻ പോയവര്‍ ഇരുകരകളിലായി കുടുങ്ങി. എന്നാൽ ഈ ദുരിതകയത്തിൽ സഹായഹസ്തവുമായി എത്തിയ പൊലീസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ പൊലീസ് എത്തിയാണു രാവിലെ കടത്തിവിട്ടത്. രാവിലെ പത്തുമണിയോടെ പുഴയുടെ വലതുകരയിൽ കുടുങ്ങിയവരെ പൊലീസ് ജീപ്പിൽ ഉച്ചയോടെ സാഹസികമായാണു മറുകര എത്തിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡ് ആണു പുഴയുടെ അക്കരെയുള്ള മണികണ്ഠംചാൽ.