കലാപത്തിൽ ജീവൻ കാത്തവരെ കണ്ടെത്തി; മുസ്‍ലിം കുടുംബത്തിന് നന്ദി അറിയിച്ച് വികാസ് ഖന്ന

ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്ന വികാസ് ഖന്ന (ഫയൽ ചിത്രം–ട്വിറ്റർ)

ന്യൂഡൽഹി ∙ ഇനിയൊരിക്കലും കാണില്ലെന്ന് ഉറപ്പിച്ചവരെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെലിബ്രറ്റി ഷെഫ് വികാസ് ഖന്ന. താൻ ഇന്നു ജീവിച്ചിരിക്കാൻ കാരണമായ മുസ്‌ലിം കുടുംബത്തെ നോമ്പിന്റെ പുണ്യദിനങ്ങളിൽത്തന്നെ കാണാനായതിന്റെ സന്തോഷം അദ്ദേഹം തന്നെയാണു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. 1992–നു ശേഷമുള്ള എല്ലാ റമസാൻ നാളുകളും വികാസിനു കടപ്പാടിന്റെ പ്രാർഥനാദിനങ്ങളായിരുന്നു. തൊണ്ണൂറ്റി രണ്ടിലെ മുംബൈ കലാപത്തിനിടയിൽ തന്റെ ജീവൻ രക്ഷിച്ച കുടുംബത്തിനുള്ള സമർപ്പണമായിരുന്നു അത്. 

1992 ഡിസംബറിൽ മുംബൈയിലെ സ്വകാര്യ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചതേയുണ്ടായിരുന്നുള്ളു വികാസ്. കലാപ സമയത്തു നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യു കാരണം ദിവസങ്ങളോളം വികാസും സഹപ്രവർത്തകരും ഹോട്ടലിൽ കുടുങ്ങി. അന്നൊരു ദിവസമാണു തന്റെ സഹോദരനും മറ്റും താമസിച്ചിരുന്ന ഘാട്കോപ്പർ മേഖലയിൽ സ്ഥിതി വഷളായതായി വികാസ് അറിയുന്നത്. പിന്നെ ഒന്നും ചിന്തിക്കാതെ അവിടേക്കു പുറപ്പെട്ടു. വഴിയിൽ ഒരു മുസ്‌ലിം കുടുംബം വികാസിനെ തടഞ്ഞു. അവിടെ എത്തിയ അക്രമികളോട് ഇവൻ തങ്ങളുടെ മകനാണെന്നു പറയുകയും ചെയ്തു.

പിന്നെയുള്ള രണ്ടു ദിവസം വികാസ് അവരുടെ വീട്ടിലാണു കഴിഞ്ഞത്. അവർ തന്നെ ഒരു ബന്ധുവിനെ വിട്ട് വികാസിന്റെ സഹോദരനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. സഹോദരൻ സുരക്ഷിതനാണെന്ന് അറിഞ്ഞ വികാസ് ആ കുടുംബത്തോടു നന്ദിയറിയിച്ച് മടങ്ങി. അന്നു മുതൽ ഒരു നോമ്പും അദ്ദേഹം മുടക്കിയിട്ടില്ല. എല്ലാ പ്രാർഥനകളിലും അവർ ഉണ്ടായിരുന്നു.

ഇപ്പോൾ, ഇരുപത്തിയാറു വർഷത്തിനു ശേഷം വികാസ് ആ കുടുംബത്തെ കണ്ടുമുട്ടുമ്പോൾ, അത് റമസാന്റെ പുണ്യമാണെന്നാണ് അദ്ദേഹം കരുതുന്നത്. അവരോടൊപ്പം ഇഫ്താർ പങ്കിടാൻ കഴിഞ്ഞതിന്റെ കാരണവും അതു തന്നെയെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വികാസ് ഖന്നയുടെ ഈ കണ്ടുമുട്ടലിന് നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ ആശംസകളുമായി എത്തുന്നത്.