മലയാളി നേതൃത്വം നൽകുന്ന ‘ചില്ലർ’ ആപ് ഏറ്റെടുത്ത് ട്രൂകോളർ; ഇനി പണമിടപാടും

ബെംഗളൂരു∙ ഫോണ്‍കോളുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കി ശ്രദ്ധേയമായ ട്രൂകോളർ ആപ്ലിക്കേഷൻ ഇന്ത്യയിൽനിന്നുള്ള പേയ്മെന്റ്സ് ആപ്പ് ‘ചില്ലറെ’ ഏറ്റെടുത്തു. ചില്ലർ സിഇഒയും മലയാളിയുമായ സോണി ജോയ് ഇനി ‘ട്രൂകോളർ പേ’യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു പ്രവർത്തിക്കും. അനൂപ് ശങ്കർ, മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്കരൻ തുടങ്ങിയ ചില്ലർ സ്ഥാപകാംഗങ്ങളും ഇനി ട്രൂകോളറിന്റെ ഭാഗമാകും. തൊഴിലാളികളെ അടക്കം പൂർണമായ ഏറ്റെടുക്കലാണു നടന്നതെന്ന് ട്രൂകോളർ ചീഫ് സ്ട്രാറ്റജി ഓഫിസർ നമി സറിംഗലാം പറഞ്ഞു. 

ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു കമ്പനി ട്രൂകോളർ ഏറ്റെടുക്കുന്നത്. മലയാളി സുഹൃത്തുക്കൾ ചേർന്ന് 2014ൽ സ്റ്റാർട്ടപ്പായി ആരംഭിച്ചതാണ് ചില്ലർ ആപ്ലിക്കേഷൻ. മുംബൈ ആസ്ഥാനമായാണു പ്രവർത്തനം. കൊച്ചിയിലും ‘ചില്ലർ ടെക്’ ഓഫിസുണ്ട്.

മൊബൈൽ ബാങ്കിങ്ങിനും പണമിടപാടിനുമുള്ള ആപ്ലിക്കേഷനാണ് ചില്ലർ. ട്രൂകോളറിന്റെ സേവനങ്ങളുമായി ചില്ലർ ആപ്പും കൂട്ടിച്ചേർക്കാനാണ് ഏറ്റെടുക്കൽ തീരുമാനം. ഇതുകൂടി ഉൾപ്പെട്ട ട്രൂകോളറിന്റെ പുതിയ വേർഷൻ വൈകാതെ നിലവിൽ വരും. പേയ്മെന്റ് സേവനങ്ങൾ ഉൾപ്പെടുത്തി ‘ട്രൂകോളർ പേ’ എന്ന പുതിയ ഓപ്ഷനായിരിക്കും ലഭ്യമാക്കുക.

സ്വീഡനിലെ സ്റ്റോക്കോം ആസ്ഥാനമായി 2009 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ട്രൂകോളർ. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനും ട്രൂകോളർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 33 ബാങ്കുകളുമായി സഹകരണമുണ്ട്. ഒരു കോടിയോളം സജീവ ഉപയോക്താക്കളെയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

കോളർ ഐഡി, സ്പാം ഡിറ്റക്‌ഷൻ, മെസേജിങ് തുടങ്ങിയ സേവനങ്ങളാണു ട്രൂകോളർ ലഭ്യമാക്കുന്നത്. ഇന്ത്യയിൽ മാത്രം 15 കോടി ഉപയോക്താക്കളുണ്ട്. രാജ്യത്തു മുന്നൂറോളം കമ്പനികളുമായും സഹകരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പേയ്മെന്റ് ആപ്പുകളിൽ ഒന്നായി മാറുകയാണു ലക്ഷ്യമെന്നും ട്രൂകോളർ വക്താവ് അറിയിച്ചു.