ഓവർ‍, ഓവർ‍; കേരള പൊലീസ് വയര്‍ലസ് മാറ്റുന്നു, വിവരകൈമാറ്റത്തിന് ഡിഎംആർ

തിരുവനന്തപുരം ∙ പഴഞ്ചന്‍ വയര്‍ലസ് സെറ്റുകള്‍ക്ക് വിട, കേരള പൊലീസിന് ആശയ വിനിമയം നടത്താന്‍ ആധുനിക വയര്‍ലസ് സെറ്റുകള്‍ വരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ കമ്യൂണിക്കേഷൻ ‍(ഡിഎംആര്‍ കമ്യൂണിക്കേഷന്‍) ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്‍. മോട്ടറോള അടക്കമുള്ള കമ്പനികളാണ് നിർമാതാക്കൾ. തൃശൂര്‍ ജില്ലയിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാണ്. ആദ്യ ഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പിന്നീട് സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം അധികൃതര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

നിലവിലെ വയര്‍ലസ് സെറ്റുകളില്‍നിന്നു തികച്ചും വ്യത്യസ്തനാണ് ഡിഎംആര്‍ കമ്യൂണിക്കേഷന്‍. അനലോഗ് സംവിധാനത്തിലായതിനാല്‍ ഇപ്പോഴുള്ള വയര്‍ലസ് സംഭാഷണങ്ങള്‍ പുറത്തുനിന്നുള്ളവര്‍ക്കു കേള്‍ക്കാനാകും. ഡിഎംആര്‍ കമ്യൂണിക്കേഷനില്‍ ഇതു സാധിക്കില്ല. സംഭാഷണങ്ങളും സന്ദേശങ്ങളും പൂര്‍ണമായും സുരക്ഷിതമായിരിക്കും. സംഭാഷണത്തിനു മൊബൈല്‍ ഫോണിലേതുപോലെ വ്യക്തത ഉണ്ടാകും. പൊലീസ് ഉദ്യോഗസ്ഥനോ വാഹനമോ ഏതു ഭാഗത്താണെന്നു ജിപിഎസ് സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ കഴിയും. പൊലീസ് വാഹനത്തില്‍ നടക്കുന്ന സംഭാഷണങ്ങള്‍ ഡിഎംആര്‍ സംവിധാനത്തിലൂടെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്യാം.

ഇപ്പോള്‍ ട്രാഫിക്കിനും ക്രമസമാധാനത്തിനും മറ്റു വിഭാഗങ്ങള്‍ക്കുമെല്ലാം പ്രത്യേകം ഫ്രീക്വന്‍സികളാണ് ഉപയോഗിക്കുന്നത്. ഫ്രീക്വന്‍സിക്കായി ആറു കോടിയോളം രൂപയാണ് വര്‍ഷംതോറും കേന്ദ്രസര്‍ക്കാരിനു നല്‍കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ചുരുക്കം ഫ്രീക്വന്‍സികളില്‍ ആശയവിനിയമം സാധ്യമാകും. ഓരോ തസ്തികയിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകമായി സംസാരിക്കുന്നതിനും ഡിഎംആര്‍ കമ്യൂണിക്കേഷനില്‍ സംവിധാനമുണ്ട്. നിലവിലെ വയര്‍ലസുകളില്‍ ഇതിനു സാധിക്കില്ല. സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജില്ലയ്ക്കു പുറത്താണെങ്കിലും ഡിഎംആര്‍ കമ്യൂണിക്കേഷനിലൂടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താം. നിലവിലുള്ള വയര്‍ലസ് സെറ്റുകളില്‍ ഇതിനു സംവിധാനമില്ല.

ഡിഎംആര്‍ കമ്യൂണിക്കേഷനില്‍ ഫോട്ടോ എടുക്കാനും എസ്എംഎസ് അയയ്ക്കാനും ഗ്രൂപ്പ് കോളിനും സംവിധാനമുണ്ട്. കേരള പൊലീസിന്റെ ക്രൈംമാപ്പിങ് സംവിധാനവുമായി പുതിയ സംവിധാനത്തെ സംയോജിപ്പിക്കും. പുതിയ സംവിധാനം വരുന്നതോടെ കുറ്റാന്വേഷണം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിഎംആര്‍ കമ്യൂണിക്കേഷന്റെ ഏറ്റവും ആധുനിക പതിപ്പാണ് (ടയര്‍ ത്രീ–മൂന്നാം ശ്രേണി) കേരള പൊലീസ് പരീക്ഷിക്കുന്നത്. പഴയ പതിപ്പുകള്‍ ഡല്‍ഹി, മഹാരാഷ്ട്ര പൊലീസ് സേനകൾ ഉപയോഗിക്കുന്നുണ്ട്.