ഗണേഷിനെതിരായ പരാതിയിൽ കേസില്ല; ഇരട്ടനീതിയുമായി പൊലീസ്

കെ.ബി.ഗണേഷ് കുമാർ, എഡിജിപി സുധേഷ് കുമാർ

തിരുവനന്തപുരം∙ വാഹനത്തിന് വഴിമാറിയില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച കെ.ബി.ഗണേഷ് കുമാർ എംഎൽഎയ്ക്കും സഹായിയായ പൊലീസുകാരനെ കൊണ്ട് അടിമപ്പണി ചെയ്യിച്ച എഡിജിപി സുധേഷ് കുമാറിനും രണ്ടു നീതിയുമായി കേരള പൊലീസ്. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ എഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവർക്കെതിരെ നൽകിയ പരാതിയിൽ തിടുക്കപ്പെട്ടു കേസെടുക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മർദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസിൽ പരാതി നൽകി. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും അതിൽ കേസെടുക്കാൻ അവർ തയാറായിട്ടില്ല. ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഷീന പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഗണേഷ് കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ് നടപടിയില്‍ പുനഃപരിശോധനയുമില്ല. അന്വേഷണ ഉദ്യോ‌ഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല. അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.

അതേസമയം, എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദിച്ച സംഭവത്തിൽ നടപടി പെട്ടന്നുതന്നെ എടുത്തിരുന്നു. പൊലീസുകാരന്റെ പരാതിയിൽ എഡിജിപിയുടെ മകൾക്കെതിരെയും പൊലീസ് ഡ്രൈവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഗവാസ്കറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതിനാണ് എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. എഡിജിപിയുടെ മകളുടെ പരാതിയിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു എന്നതിനാണ് ഗവാസ്കർക്കെതിരെ കേസ്.