സൈനികനെ ‘ചോദ്യം ചെയ്ത്’ ഭീകരർ; രാജ്യം നൽകണം അവർക്കുള്ള മറുപടിയെന്ന് പിതാവ്

ഔറംഗസേബ്

ശ്രീനഗർ ∙ ജമ്മു–കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിനെ വധിക്കുന്നതിനു മുൻപു ചോദ്യം ചെയ്യുന്ന വിഡിയോ പുറത്ത്. ഒരു മിനിറ്റ് പതിനഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, തീവ്രവാദികൾ ഔറംഗസേബിനോട് ഡ്യൂട്ടി, പങ്കെടുത്ത ഏറ്റുമുട്ടലുകൾ, വഹിച്ചിരുന്ന ചുമതലകൾ തുടങ്ങിയവയെക്കുറിച്ചാണ് ചോദിക്കുന്നത്. നേരത്തേ സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ മൃതദേഹം വികൃതമാക്കിയതിൽ പങ്കുണ്ടോയെന്നും ചോദിക്കുന്നുണ്ട്.

സൈനികനെ വധിക്കുന്നതിനു തൊട്ടു മുൻപാണ് വിഡിയോ ചിത്രീകരിച്ചതെന്നു കരുതുന്നു. ഒരു വനപ്രദേശമാണ് പശ്ചാത്തലത്തിലുള്ളത്. ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തിയതും സമാന ഭൂപ്രകൃതിയുള്ള പ്രദേശത്തായിരുന്നു. എന്നാൽ വിഡിയോയുടെ ആധികരികത സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

‘രാജ്യത്തിനു വേണ്ടിയാണ് എന്റെ മകൻ വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടിയുള്ള വാഗ്ദാനമാണ് അവൻ പാലിച്ചത്. അവന്റെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും കശ്മീരിലെ ഭീകരതയും ഇല്ലാതാക്കണം. ഇക്കാര്യത്തിൽ സംസ്ഥാന–കേന്ദ്ര സർക്കാരുകൾ ഇടപെടണം’– ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനിഫ് പറഞ്ഞു.

44 രാഷ്ട്രീയ റൈഫിൾസിലെ റൈഫിൾമാനായ ഔറംഗസേബിനെ പെരുന്നാളിനു വീട്ടിലേക്കു പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കകം തലയിലും കഴുത്തിലും വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. പൂഞ്ചിലെ വീട്ടിലേക്കു പോകുന്നതിനായി ഇന്നലെ രാവിലെ ഒൻപതിന് ഷാദി മാർഗിൽനിന്ന് അതുവഴിവന്ന സ്വകാര്യ കാറിൽ ഷോപിയാനിലേക്കു പുറപ്പെട്ടതായിരുന്നു. വാഹനം കലംപോര എത്തിയപ്പോൾ ഭീകരർ തടയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

തുടർന്നു സൈന്യവും പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിൽ പത്തു കിലോമീറ്റർ അകലെ ഗുസ്സു ഗ്രാമത്തിൽ നിന്നാണു മൃതദേഹം ലഭിച്ചത്. ഏപ്രിൽ 30നു ഹിസ്ബുൽ ഭീകരൻ സമീർ ടൈഗറിനെ ഏറ്റുമുട്ടലിൽ വകവരുത്തിയ സംഘത്തിൽ ഔറംഗസേബ് ഉണ്ടായിരുന്നു.