ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ ദിവസപൂജയ്ക്ക് എസ്ഐ; കല്യാണം വിളിക്കാനും പൊലീസുകാർ

തിരുവനന്തപുരം∙ എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദിച്ചതിനു പിന്നാലെ ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ പുറത്തുവരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ജോലി ചെയ്യേണ്ട എസ്ഐ റാങ്കിലുള്ളവരെ ആരെയും ഒപ്പം നിർത്താൻ പാടില്ലെന്നാണു ചട്ടം. പക്ഷേ, ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം വർഷങ്ങളായി എസ്ഐ ഉണ്ട്. വീട്ടിലെ ദിവസപൂജയും മറ്റുമാണു പ്രധാന ജോലി.

വിരമിച്ച ചില ഐപിഎസുകാരുടെ വീട്ടുജോലിക്ക് ഇപ്പോഴും നാലഞ്ചുപേരുടെ സൗജന്യ സേവനം വിട്ടുനൽകിയിട്ടുണ്ട്. ഈയിടെ ഒരു മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലെ വിവാഹത്തിനു ക്ഷണക്കത്ത് നൽകാൻ തൃശൂർ കെഎപി ഒന്നാം ബറ്റാലിയനിൽനിന്നു നാലുപേരെ വിട്ടുനൽകി. വിവാഹം കഴിഞ്ഞിട്ടും ഇവരുടെ വിവരമില്ല. കമൻഡാന്റ് ക്ഷുഭിതനായതോടെയാണു മടക്കി അയച്ചത്. സേനയ്ക്കു പുറത്തു ജോലി ചെയ്യുന്നവരും നാലും അഞ്ചും പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്.

അതിനിടെ, ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങൾ അടിയന്തരമായി നൽകണമെന്ന് എഡിജിപിയുടെ സർക്കുലർ പുറത്തിറങ്ങി. പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി ആനന്ദ കൃഷ്ണന്റേതാണ് സർക്കുലർ. ഞായറാഴ്ച ഉച്ചയ്ക്കു 12നു മുൻപു വിവരം നൽകണമെന്നാണു നിർദേശം. എസ്പി മുതലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർക്കാണു നിർദേശം നൽകിയിരിക്കുന്നത്.