എഡിജിപിയുടെ മകൾക്ക് കരാട്ടെയിൽ പ്രാവീണ്യം; ആറുതവണ ആഞ്ഞിടിച്ചു, ഡ്രൈവറുടെ ബോധം പോയി

ഗവാസ്കർ ആശുപത്രിയിൽ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ‘എന്റെ പരാതിയിൽ എഡിജിപിക്കെതിരെ നടപടിയുണ്ടായതിൽ സന്തോഷമുണ്ട്. പക്ഷേ, ഭയമുണ്ട്. അവരെല്ലാം സ്വാധീനമുള്ളവരാണ്. ഞാൻ നൽകിയ പരാതി പിൻവലിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഞാൻ പിന്നോട്ടു പോകില്ല.’– സായുധസേനാ എഡിജിപി ആയിരുന്ന സുദേഷ് കുമാറിന്റെ മകളുടെ അടിയേറ്റ് മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗവാസ്കറുടെ വാക്കുകൾ.

എഡിജിപിയുടെ മകൾ ആറുതവണ മൊബൈൽ ഫോൺവച്ച് ആഞ്ഞിടിച്ചതായി ഗവാസ്കർ പറഞ്ഞു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പ്രതിരോധിക്കാനായില്ല. കരാട്ടെയിൽ പ്രാവീണ്യമുള്ള യുവതിയുടെ ആക്രമണത്തെ തുടർന്നു രണ്ടു മിനിറ്റോളം ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വേദനയും നീർക്കെട്ടും മാറാൻ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇന്നലെ മുതൽ കാഴ്ചയ്ക്കു മങ്ങലുണ്ട്

നേത്രവിദഗ്ധർ വൈകിട്ടു പരിശോധന നടത്തി. സുദേഷ് കുമാറിന്റെ വീട്ടിൽ ഡ്യൂട്ടി ചെയ്തിരുന്ന പല പൊലീസുകാരെയും ദാസ്യവൃത്തി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ചിലരെ മർദിച്ചിട്ടുണ്ടെന്നും ഗവാസ്കർ പറഞ്ഞു. വീട്ടു ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർ ബിരുദധാരികളും പൊതുകാര്യങ്ങളെക്കുറിച്ചു ബോധമുള്ളവരുമാണെന്ന അറിവ് വീട്ടുകാരെ അരിശം കൊള്ളിച്ചിരുന്നു. മലയാളികളുടെ കുറവുകൾ ചൂണ്ടിക്കാട്ടി ഹിന്ദിയിലും ഇംഗ്ലിഷിലും ആക്ഷേപിക്കുമായിരുന്നു.

തന്റെ പ്രതികരണം സാധാരണ പൊലീസുകാരെ ദാസ്യവൃത്തി ചെയ്യിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റുമെന്നാണു പ്രതീക്ഷയെന്നും ഗവാസ്കർ പറഞ്ഞു. ദേഹത്തു നീരുള്ളതിനാൽ കിടക്കുന്നതിനു പ്രയാസമുണ്ട്. കഴുത്തിൽ കോളർ ഉള്ളതിനാൽ ഒരേ ദിശയിലേക്കു തന്നെ നോക്കിയാണ് കിടക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനും പ്രയാസമുണ്ട്.

ഗവാസ്കറെ കുടുക്കാനും ശ്രമം

തിരുവനന്തപുരം∙ എഡിജിപി സുദേഷ്കുമാറിന്റെ മകൾ മർദിച്ചതിനെതിരെ പരാതി നൽകിയ പൊലീസ് ഡ്രൈവർ ഗവാസ്കറെ കുടുക്കാനുള്ള നീക്കങ്ങൾക്കെതിരെ വ്യാപകപ്രതിഷേധം. പരാതിയിൽ മൊഴിയെടുത്തു 10 മണിക്കൂറിനു ശേഷമാണു മ്യൂസിയം പൊലീസ് കേസെടുത്തതെന്നു ബന്ധുക്കൾ പറഞ്ഞു.  

ഗവാസ്കറുടെ മൊഴിപ്രകാരം എഡിജിപിയുടെ മകൾക്കതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ആയുധം ഉപയോഗിച്ച് അപകടപ്പെടുത്താൻ ശ്രമം (324), സർക്കാർ ഉദ്യോഗസ്ഥനെ കൃത്യനിർവഹണത്തിൽ തടസ്സപ്പെടുത്തൽ (332), പൊതുസ്ഥലത്തുവച്ച് അശ്ലീലവാക്കുകൾ പ്രയോഗിച്ച് അപമാനിക്കൽ (294–ബി) എന്നീ വകുപ്പുകളാണു ചുമത്തിയത്. 

294–ബിക്കു പുറമെ സ്ത്രീത്വത്തെ അപമാനിക്കൽ, ദേഹത്തു കടന്നുപിടിക്കൽ (354) എന്നീ വകുപ്പുകൾ കൂടി ചേർത്താണു ഗവാസ്കർക്കെതിരെ എഡിജിപിയുടെ മകളുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.