Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളെ രക്ഷിക്കാൻ ശ്രമമെന്ന് ഗവാസ്കറുടെ കുടുംബം

gavaskar-adgp-sudhesh-kumar ഗവാസ്കർ, എഡിജിപി സുധേഷ് കുമാർ

തിരുവനന്തപുരം∙ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച കേസില്‍ അന്വേഷണം ഇഴയുന്നു. മൊഴിയെടുപ്പു പൂര്‍ത്തിയായിട്ടും എഡിജിപിയുടെ മകളെ രക്ഷിക്കാനായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാതെ ക്രൈംബ്രാഞ്ച് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. കേസ് അട്ടിമറിച്ചെന്നും നീതി കിട്ടുമെന്നതില്‍ ആശങ്കയുണ്ടെന്നും ഡ്രൈവര്‍ ഗവാസ്കറുടെ കുടുംബം പറയുന്നു.

വിവാദങ്ങള്‍ ഒതുങ്ങുകയും മാധ്യമശ്രദ്ധ പ്രളയത്തിലേക്കു മാറുകയും ചെയ്തപ്പോഴാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ സജീവമായത്. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നത് അതിന്റെ സൂചനയാണെന്ന ആക്ഷേപം ശക്തമാണ്. കേസ് റജിസ്റ്റര്‍ ചെയ്തിട്ടു തിങ്കളാഴ്ച മൂന്നു മാസമാകും.

ഇതിനകം സാക്ഷികളുടെ മൊഴിയടക്കമുള്ള തെളിവുശേഖരണവും എഡിജിപിയുടെ മകളടക്കം നാലു പേരുടെ രഹസ്യ മൊഴിയെടുപ്പും പൂര്‍ത്തിയായി. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. 90 ദിവസം കഴിഞ്ഞ് എഡിജിപിയുടെ മകള്‍ കുറ്റക്കാരിയെന്നു കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയാലും അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാനാണ് ഈ വൈകിപ്പിക്കലെന്നാണു ഗവാസ്കറുടെ കുടുംബം ആരോപിക്കുന്നത്.

ഒത്തുതീര്‍പ്പിനുള്ള പല സമ്മര്‍ദങ്ങളെയും അതിജീവിച്ച ഗവാസ്കറും കുടുംബവും അന്വേഷണം നേര്‍വഴിയിലാണെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെയാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ നിലവിലെ നീക്കങ്ങള്‍ കാണുമ്പോള്‍ നീതി കിട്ടുമോയെന്ന ആശങ്ക ഇവര്‍ പങ്കുവയ്ക്കുന്നു. എഡിജിപിയുടെ മകളും ഗവാസ്കറും പരസ്പരം ആരോപണം ഉന്നയിച്ചു ഹര്‍ജികള്‍ നല്‍കിയതിനാല്‍ ഇതില്‍ ആരുടെ ഭാഗത്താണു സത്യമെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണു ക്രൈംബ്രാഞ്ച് ഇനി നല്‍കേണ്ടതാണ്.