ഡിജിപി നിര്‍ദേശിച്ചിട്ടും പുല്ലുവില; ക്യാംപ് ഫോളോവേഴ്‌സിന് അടിമപ്പണി തന്നെ!

തിരുവനന്തപുരം ∙ ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്കു നിയോഗിക്കരുതെന്നു ഡിജിപി നിര്‍ദേശം നല്‍കിയിട്ടും ജീവനക്കാരെ തിരികെ വിടാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നു പരാതി. വീട്ടുജോലിയിലുള്ള ക്യാംപ് ഫോളോവേഴ്‌സിനെ പല ജില്ലകളിലും ക്യാംപിലേക്കു മടക്കിവിട്ടിട്ടില്ലെന്നു ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് അസോസിയേഷന്‍ ബുധനാഴ്ച പരാതി നല്‍കും. 

ക്യാംപിലേക്കു മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. വിവാദം അവസാനിക്കുന്നതുവരെ മാറിനില്‍ക്കാനാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേസമയം, പൊലീസ് സേനയിലെ ക്യാംപ് ഫോളോവര്‍മാരുടെ തസ്തികയെ ലാസ്റ്റ് ഗ്രേഡ് സര്‍വീസില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ക്യാംപ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പിഎസ്‍സിക്കു വിട്ടിരുന്നു. എന്നാല്‍ സ്‌പെഷല്‍ റൂള്‍സ് രൂപീകരിച്ചിരുന്നില്ല. ചട്ടം നിലവില്‍ വന്നാല്‍ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പിഎസ്‍സി വഴിയാകും. ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം.

വിവിധ ജില്ലകളിലെ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം (അസോസിയേഷന്റെ കണക്ക്)

തൃശൂര്‍

ഐജിയുടെ താമസസ്ഥലത്ത് മൂന്നു പേര്‍. ഐജിയുടെ ഓഫിസില്‍ ഒരു തൂപ്പുകാരന്‍. നിലവില്‍ ഇവിടെ താല്‍ക്കാലിക ജീവനക്കാരുണ്ട്. കമ്മിഷണറുടെ താമസസ്ഥലത്ത് ദിവസ വേതനക്കാരനായ ഒരാള്‍. കമ്മിഷണറുടെ ഓഫിസില്‍ ഒരു തൂപ്പുകാരനും ഒരു പാചകക്കാരനും. ഇവിടെ താല്‍ക്കാലിക ജീവനക്കാര്‍ വേറെയുമുണ്ട്. എസ്പിയുടെ താമസസ്ഥലത്ത് മൂന്നു ജീവനക്കാര്‍. എസ്പിയുടെ ഓഫിസില്‍ ഒരു തൂപ്പുകാരന്‍. ഡോഗ് സ്‌ക്വാഡില്‍ ഒരു തൂപ്പുകാരന്‍. സ്‌കൂള്‍ ബസ് ഡ്യൂട്ടിക്ക് ഒരു ജീവനക്കാരന്‍. 

മലപ്പുറം

മലപ്പുറം എസ്പിയുടെ വീട്ടില്‍ തുണി അലക്കാനായി ഒരു തൂപ്പുകാരന്‍

കണ്ണൂര്‍

ഐജിയുടെ വീട്ടില്‍ മൂന്നു പേര്‍. ഒരു പാചകക്കാരന്‍, ഒരു അലക്കുകാരന്‍, ഒരാള്‍ ദിവസ വേതനക്കാരന്‍. എസ്പിയുടെ വീട്ടില്‍ ദിവസ വേതനക്കാര്‍ രണ്ടു പേര്‍. കൂടാതെ ഒരു തൂപ്പുകാരന്‍. കെഎപി നാലാം ബറ്റാലിയന്‍ കമന്‍ഡാന്റിന്റെ വീട്ടില്‍ ഒരു പാചകക്കാരന്‍, ഒരു അലക്കുകാരന്‍, ഒരു തൂപ്പുകാരന്‍. ഡപ്യൂട്ടി കമന്‍ഡാന്‍ഡിന് വെള്ളം കൊടുക്കാന്‍ ഒരാള്‍

പാലക്കാട്

തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് പാചകം ചെയ്യാന്‍ പ്രത്യേകം പാചകക്കാരുണ്ടെങ്കിലും നിയമിച്ചിരിക്കുന്നത് എആര്‍ ക്യാംപില്‍നിന്നുള്ള ക്യാംപ് ഫോളോവേഴ്‌സിനെ. തണ്ടര്‍ബോള്‍ട്ടിന് പ്രത്യേക അലവന്‍സുണ്ടെങ്കിലും ക്യാംപ് ഫോളോവേഴ്‌സിന് അലവന്‍സില്ല

കൊല്ലം

എസ്പിയുടെ വീട്ടില്‍ രണ്ടു ക്യാംപ് ഫോളോവേഴ്‌സ്. ഡോഗ് സ്‌ക്വാഡില്‍ ഒന്ന്. റൂറല്‍ ക്യാംപില്‍ ഒന്ന്.

തിരുവനന്തപുരം 

നന്ദാവനം എആര്‍ ക്യാംപില്‍ ആകെയുള്ളത് 60 ക്യാംപ് ഫോളോവേഴ്‌സ്. പാചകക്കാര്‍ 20. മുടിവെട്ടുകാര്‍ 10, അലക്കുകാര്‍ 10, തൂപ്പൂകാര്‍ 20. 

ഇപ്പോള്‍ ക്യാമ്പിലുള്ളവര്‍ - തൂപ്പുകാര്‍ ആറ്, അലക്കുകാര്‍ ഒന്ന്, മുടിവെട്ടുകാര്‍ ഒന്ന്, പാചകക്കാര്‍ രണ്ട്. അലക്കുകാരില്‍ ഒരാള്‍ കമ്മിഷണറുടെ വീട്ടില്‍. തൂപ്പുകാരില്‍ ഒരാള്‍ ഓഫിസില്‍. പാചകക്കാരില്‍ ഒരാള്‍ ഒരു എഡിജിപിയുടെ വീട്ടില്‍. ദിവസ വേതനക്കാരില്‍ രണ്ടുപേര്‍ ഐപിഎസ് ക്വാര്‍ട്ടേഴ്‌സില്‍. മറ്റുള്ളവര്‍ വിവിധ ഓഫിസുകളിലും വീടുകളിലും.

കോഴിക്കോട്

സിറ്റിയിലും റൂറലിലുമായി നാലുപേര്‍

എറണാകുളം

രണ്ടുപേര്‍ എസ്പിയുടെ വീട്ടില്‍. രണ്ടുപേര്‍ ഓഫിസില്‍. ഐജിയുടെ ഓഫിസില്‍ ഒരാള്‍.