ഇടതുവോട്ടിലെ ചോർച്ച തടയാൻ വരുന്നു, മോദി സർക്കാരിനെതിരേ സമര പരമ്പര

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പുകളിൽ പാർട്ടി സഹസംഘടനകളിലെ അംഗങ്ങളുടെ പോലും മുഴുവൻ വോട്ടും ഇടതു സ്ഥാനാർഥികൾക്കു കിട്ടുന്നില്ലെന്ന ദൗർബല്യത്തിനു സിപിഎം പോംവഴി കണ്ടെത്തി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുവരെ ഈ സംഘടനകളെ കേന്ദ്ര സർക്കാരിനെതിരെ നിരന്തരം സമര, പ്രചാരണ രംഗത്തിറക്കുക. കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റിയുടേതാണ് ഈ തീരുമാനം.

എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിഐടിയുവും മുതൽ കർഷകത്തൊഴിലാളി സംഘടനകൾ വരെയുള്ളവർ ഇനി ഇടവേളയില്ലാതെ സമരരംഗത്തായിരിക്കും. സിപിഎമ്മിനു നാലര ലക്ഷത്തോളം അംഗങ്ങളുള്ളപ്പോൾ, സഹസംഘടനകളിലെല്ലാമായി അത് ഒരു കോടി കവിയുമെന്നാണു കണക്ക്. ഡിവൈഎഫ്ഐക്കും മഹിളാ അസോസിയേഷനും മാത്രമായി ഒരു കോടി അംഗങ്ങളുണ്ടെന്നാണ് അവരുടെ കണക്ക്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് 2.42 കോടി വോട്ടർമാരാണ് ആകെ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ 1.79 കോടി പേർ വോട്ടു ചെയ്തു. പാർട്ടിയിലും സഹസംഘടനകളിലും പെട്ടവർ മാത്രം വോട്ടു ചെയ്തിരുന്നുവെങ്കിൽ തന്നെ സിപിഎമ്മിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്നു. എന്നാൽ യുഡിഎഫ് 12, എൽഡിഎഫ്– എട്ട് എന്നതായിരുന്നു നില.

സിപിഎം സ്ഥാനാർഥികൾക്കു മാത്രമായി കിട്ടിയതു 38 ലക്ഷം വോട്ടാണ്. ഈ തിരിച്ചടിയെ തുടർന്നുള്ള വിശകലനത്തിലാണു സഹസംഘടനകളിൽപെട്ടവർ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ചിഹ്നം മാറി കുത്തുന്നുവെന്നു സിപിഎം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയത്. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പോരായ്മ കൊണ്ടാണിതെന്നും വിലയിരുത്തി. തുടർന്നാണു നേതൃത്വം പോംവഴി ആലോചിച്ചത്.

പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പാകുമ്പോൾ കോൺഗ്രസിനോ ബിജെപിക്കു തന്നെയോ വോട്ടുചെയ്യുന്ന രീതിയുണ്ടെന്നാണു നിഗമനം. ദേശീയതലത്തിൽ ഇടതുപക്ഷത്തിന്റെ സ്ഥിതി പരുങ്ങലിലായ സമയത്തെ തിര‍ഞ്ഞെടുപ്പിൽ ആ പ്രവണത ശക്തമായാൽ കേരളത്തിൽ പണി കിട്ടും.

അതിനാൽ കേന്ദ്ര സർക്കാരിനെതിരെ തീവ്ര പ്രചാരണ–സമരപരിപാടികൾ നിരന്തരം സംഘടിപ്പിക്കാൻ അതതു സംഘടനാ നേതൃത്വത്തോടു സിപിഎം നിർദേശിക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്ര സർക്കാരുകളുടെ നയവൈകല്യങ്ങളും വിഷയമാക്കും. അതുവഴി വോട്ടെടുപ്പു സമയത്ത് ഇവരാരും മാറി ചിന്തിക്കില്ലെന്നാണു പ്രതീക്ഷ.