പരാതി കള്ളമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ നടപടി: ബെഹ്റ

ഡിജിപി ലോക്നാഥ് ബെഹ്റ.

തിരുവനന്തപുരം ∙ പൊലീസുകാരന്‍ മര്‍ദിച്ചെന്ന എഡിജിപി സുദേഷ്കുമാറിന്‍റെ മകളുടെ പരാതി വ്യാജമെങ്കില്‍ നടപടിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ഡ്രൈവർ ഗവാസ്കർ മർദിച്ചെന്നതു വ്യാജ പരാതിയാണെന്നു കണ്ടെത്തിയാല്‍ എഡിജിപിയുടെ മകള്‍ക്കെതിരെ നടപടിയെടുക്കും. ഫോളോവര്‍മാരെ തിരിച്ചയയ്ക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് ഒരു ദിവസം അനുവദിച്ചു. സമയപരിധിക്കുള്ളില്‍ തിരിച്ചയച്ചില്ലെങ്കില്‍ നടപടിയെടുക്കും. സംസ്ഥാനത്തെ ക്യാംപ് ഫോളോവേഴ്സിന്‍റെ കണക്കെടുപ്പു തുടരുകയാണെന്നും ബെഹ്റ പറഞ്ഞു.

അതേസമയം, ദാസ്യവൃത്തി ചെയ്യിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വ്യവസ്ഥ ഉണ്ടായിരിക്കേ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആരോപണമുണ്ട്. സ്വകാര്യ ആവശ്യത്തിനു വേണ്ടി ദാസ്യവൃത്തി ചെയ്യിക്കുന്നതു പൊലീസ് ആക്ട് പ്രകാരം ആറുമാസം തടവും 2000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചു നടപടിയെടുക്കാവുന്ന കേസ് ക്രൈംബ്രാഞ്ചിനു വിട്ടതും ആസൂത്രിതമാണെന്നാണു സൂചന.

എഡിജിപി സുദേഷ്കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ ആക്രമിച്ചു പരുക്കേൽപ്പിച്ചത്, എഡിജിപി നിതിന്‍ അഗര്‍വാളിന്റെ സ്വന്തം നായയെ കുളിപ്പിക്കാന്‍ പൊലീസുകാരെ നിയോഗിച്ചത് ഇവയെല്ലാം തെളിവുസഹിതം പുറത്തുവന്നതാണ്. 2011ലെ പൊലീസ് ആക്ട് 99–ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണ് ഇവയൊക്കെയെന്നു വ്യക്തം. ആറുമാസം തടവും പിഴയും ലഭിക്കുന്ന കുറ്റം. എന്നാല്‍ ഇരുവര്‍ക്കുമെതിരെ ഈ വകുപ്പില്‍ ഒരു നടപടിയുമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പൊലീസുകാരെ സ്വകാര്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വകയില്‍ വിജിലന്‍സ് കേസിനും വകുപ്പുണ്ട്.

എഡിജിപിയുടെ മകള്‍ക്കെതിരെ പൊലീസ് ഡ്രൈവര്‍ നല്‍കിയ പരാതിയിലെടുത്ത കേസ് സ്റ്റേഷന്‍ തലത്തില്‍ എസ്ഐ അന്വേഷിക്കാന്‍ പാകത്തിലുള്ളതാണ്. ഈ കേസ് ക്രൈംബ്രാഞ്ചിനു വിട്ടതു തന്ത്രപരമാണെന്ന് ആരോപണമുണ്ട്. തെളിവെടുപ്പിന്റെയും മറ്റും പേരില്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനും അറസ്റ്റ് വൈകിക്കാനും കഴിയും. പൊലീസില്‍നിന്നു കൈമാറിക്കിട്ടിയ കേസെന്ന നിലയില്‍ സാവകാശം എടുക്കാന്‍ ക്രൈംബ്രാഞ്ചിനു പഴുതുമുണ്ട്. ഇതിന്റെയെല്ലാം ആനുകൂല്യം കുഴപ്പക്കാരായ ഉന്നതര്‍ക്കു ലഭിക്കുമെന്ന് ഉറപ്പ്.