പൊലീസിന്റെ മുഖം രക്ഷിക്കാൻ പീഛേ മൂഠ്; വീട്ടുഡ്യൂട്ടിക്കാരെ തിരിച്ചുകിട്ടണമെന്ന് ഭീഷണിയും

തിരുവനന്തപുരം ∙ ഐപിഎസ് ഉന്നതരുടെ വീട്ടുജോലിക്കു പൊലീസുകാരെ നിയോഗിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ, വിവാദം ശമിപ്പിക്കാൻ ഉന്നതരുടെ താൽക്കാലിക പിന്മാറ്റം. ഒപ്പം, രംഗം തണുക്കുമ്പോൾ ‘വീട്ടുഡ്യൂട്ടി’ക്കാരെ തിരികെ കിട്ടിയില്ലെങ്കിൽ ചില വിവരങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയും.

എഡിജിപി സുദേഷ് കുമാറിന്റെ മകൾ പൊലീസുകാരനെ കയ്യേറ്റം ചെയ്തതിനു പിന്നാലെയാണു പൊലീസിലെ വീട്ടുഡ്യൂട്ടി വിവരങ്ങൾ പുറത്തുവന്നത്. എൺപതോളം ഐപിഎസുകാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സ്വകാര്യ ആവശ്യങ്ങൾക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാരാണുള്ളത്. ഇവർക്കു പ്രതിമാസശമ്പളച്ചെലവ് എട്ടുകോടി രൂപയാണ്.

എസ്പി മുതൽ ഡിജിപി വരെ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 26നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. വർക്കിങ് അറേഞ്ച്മെന്റ് എന്ന പേരിലും അല്ലാതെയും ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസിലും അനധികൃതമായി ജോലിക്കു നിയോഗിച്ചിരിക്കുന്നവരെ അതിനു മുൻപായി അടിയന്തരമായി മാതൃയൂണിറ്റുകളിലേക്കു മടക്കിവിടാനാണു തീരുമാനം.

പഴ്സനൽ സെക്യൂരിറ്റി ഓഫിസർ എന്ന പേരിൽ ഔദ്യോഗിക ഉത്തരവിലൂടെ നിയോഗിച്ചിരിക്കുന്ന രണ്ടു പൊലീസുകാരെയും ഒരു ഡ്രൈവറെയും നിലനിർത്തി തൽക്കാലം മുഖം രക്ഷിക്കാനാണു പൊലീസ് ആസ്ഥാനത്തെ ഐപിഎസ് സംഘത്തിന്റെ ശ്രമം. അനധികൃതമായി ജോലിക്കു നിയോഗിക്കപ്പെട്ടവരുടെ പട്ടിക ഡിജിപി ശേഖരിച്ചു. ഒരേ ഉദ്യോഗസ്ഥനൊപ്പം മൂന്നു വർഷത്തിലേറെയായി ജോലിചെയ്യുന്നുവെന്ന കാരണം കാണിച്ചാകും ഭൂരിപക്ഷത്തെയും തിരിച്ചയയ്ക്കുക. ഉത്തരവില്ലാതെ നിർത്തിയവരെയും സമ്മതമില്ലാതെ നിർബന്ധിച്ചു നിർത്തിയവരെയും തിരികെ വിടും.

മുഖ്യമന്ത്രിയുടെ യോഗവും ഇപ്പോഴത്തെ വിവാദവും കഴിഞ്ഞാൽ ഇഷ്ടക്കാരെ വീണ്ടും ഒപ്പം അയയ്ക്കാമെന്ന വാക്കാലുള്ള ഉറപ്പും ഉന്നത ഐപിഎസുകാർ നേടിയിട്ടുണ്ട്. വാക്കു പാലിച്ചില്ലെങ്കിൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിൽ പൂജാരിയായി പ്രവർത്തിക്കുന്ന പൊലീസുകാരന്റെയും മറ്റും വിവരങ്ങൾ പുറത്തുവിടുമെന്നാണ് ഐപിഎസുകാരുടെ ഭീഷണി.

ഡ്രൈവറെ തല്ലിയ സംഭവം: അന്വേഷണസംഘം ഇന്ന്

തിരുവനന്തപുരം ∙ പൊലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപി സുദേഷ് കുമാറിന്റെ മകൾ ആക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്നു തീരുമാനിക്കും. സുദേഷിനെ സ്ഥലംമാറ്റിയ സർക്കാർ, അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗവാസ്കറിനു കാഴ്ചയ്ക്കു ചെറിയ പ്രശ്നമുണ്ട്. കഴുത്തിൽ മർദനമേറ്റ ഭാഗത്തു നീരുമുണ്ട്.