മേലുദ്യോഗസ്ഥർക്കു ജിമ്മിൽ തിരുമ്മിക്കൊടുക്കൽ; ‘പൊലീസ് സേവ’യ്ക്കു കൂടുതൽ തെളിവുകൾ

തിരുവനന്തപുരം∙ പൊലീസുകാരെ ദുരുപയോഗിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ടെലികമ്യൂണിക്കേഷനിലെ പൊലീസുകാരനെ ഐപിഎസ് ഓഫിസര്‍മാരുടെ ജിമ്മിലേക്കു മാറ്റി. ഉന്നത ഉദ്യോഗസ്ഥരുടെ തിരുമ്മലടക്കമാണ് പൊലീസുകാരന്റെ ഇപ്പോഴത്തെ ജോലി. അതേസമയം, ക്യാംപ് ഫോളോവര്‍മാരെ മടക്കിവിളിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വീടുകളില്‍നിന്നു ക്യാംപുകളിലേക്കു മടക്കി അയക്കണമെന്ന ഉത്തരവിറക്കാനാണു തീരുമാനം.

ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തുവിടുമെന്നു പൊലീസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു.

ഇതിനിടെ അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്ന് വനിത ഐ.പി.എസ് ട്രെയിനിയുടെ അമ്മ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിന് സ്ഥലം മാറ്റിയെന്ന പരാതിയുമായി പൊലീസുകാരൻ രംഗത്തെത്തി‍. തൃശൂര്‍ മണ്ണുത്തി സ്റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് ആക്ഷേപം. അതേസമയം, ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരിലാണ് സ്ഥലംമാറ്റിയതെന്ന് ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.