പൊലീസുകാർ ദാസ്യപ്പണിക്ക് ഇനി പോകരുത്: നിലപാടു കടുപ്പിച്ച് അസോസിയേഷൻ

തിരുവനന്തപുരം∙ ഉന്നതരുടെ വീടുകളിലെ പണിക്കു പോകേണ്ടെന്നു ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്‍. ഇക്കാര്യം സംബന്ധിച്ചു യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തുവിടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്കു കൈമാറുമെന്നും അധികൃതർ പറഞ്ഞു.

അതിനിടെ, ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനു പിന്നാലെ തടിതപ്പാനുള്ള പരിപാടികളുമായി പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കം. വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ മടക്കി അയക്കാൻ ഉദ്യോഗസ്ഥർ തുടങ്ങിയതായാണു വിവരം. ക്യാംപ് ഫോളോവേഴ്സിന്‍റെ കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തിരക്കിട്ട നീക്കം നടക്കുന്നത്.

ക്യാംപ് ഫോളോവേഴ്സ് അസോസിയേഷനാണു കണക്കെടുപ്പ് നടത്തിയത്. ഹൗസ് ഡ്യൂട്ടിക്കെന്ന പേരിലാണു ക്യാംപ് ഫോളോവേഴ്സിനെ ചട്ടം ലംഘിച്ചു വകമാറ്റുന്നത്. എസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥർക്കാണു ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്ദകൃഷ്ണന്റെ സർക്കുലര്‍.

എഡിജിപി സുദേഷ് കുമാറിന്റെ വീട്ടിൽ പൊലീസ് ഡ്രൈവര്‍ക്കു മർദ്ദനമേറ്റ സംഭവത്തെ തുടർന്നാണു കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായ വാർത്ത പുറം ലോകം അറിഞ്ഞത്. തുടർന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തുനിന്നു നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്‍കി. സുദേഷ് കുമാറിന്റെ കുടുംബാംഗങ്ങൾ പൊലീസ് ഡ്രൈവറെ കൊണ്ട് വീട്ടുവേല ചെയ്യിക്കുന്നതായ രഹസ്യാന്വേഷണ റിപ്പോർട്ടും സര്‍ക്കാരിനു മുന്നിലെത്തിയിരുന്നു. ജോലികൾക്കു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവേഴ്സിനെ പിരിച്ചുവിട്ടിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് നീക്കം.