പൊലീസേ നന്നാകുമോ? അവാര്‍ഡ് നല്‍കാമെന്ന് ഡിജിപി ബെഹ്റ

ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം ∙ പൊലീസിനെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. കഴിഞ്ഞ ദിവസം ഡിജിപി വിളിച്ചു ചേര്‍ത്ത ഡിസിആര്‍ബി (ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ) ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

അവാര്‍ഡിനായി പരിഗണിക്കുന്ന സ്റ്റേഷനുകള്‍ക്കു വേണ്ട മാനദണ്ഡങ്ങള്‍ ഡിസിആര്‍ബി നിശ്ചയിക്കും. ഐജി പി.വിജയനാണ് മേല്‍നോട്ടം. ജനങ്ങളോടുള്ള സമീപനം, കേസുകള്‍ തീര്‍പ്പാക്കുന്നതിലെ വേഗം, സ്റ്റേഷന്റെ പരിപാലനം, പൊതുകാര്യങ്ങളിലെ ഇടപെടല്‍ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. 

സ്റ്റേഷനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായവും തേടും. സ്റ്റേഷനുകളില്‍ ഒരു വര്‍ഷം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എത്രയെണ്ണം തീര്‍പ്പാക്കി, ജനങ്ങളോടുള്ള പെരുമാറ്റം, സ്റ്റേഷന്‍ പരിധിയിലെ ക്രമസമാധാനനില, പൊലീസുകാരുടെ വിന്യാസം, സ്റ്റേഷനിലെ അന്തരീക്ഷം, ജനമൈത്രി പദ്ധതിയിലെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുമെന്നു പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

ഡിസിആര്‍ബിക്കായിരിക്കും സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള ചുമതല. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. ഈ സമിതി സ്‌റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പൊലീസ് ആസ്ഥാനത്തേക്കു കൈമാറും. പൊലീസ് ആസ്ഥാനത്തെ പരിശോധനയ്ക്ക് ശേഷമായിരിക്കും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അവാര്‍ഡുകള്‍ നല്‍കാന്‍ ആലോചിക്കുന്നുണ്ട്.