രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ വീടുകളിലും ‘ഡ്യൂട്ടിക്ക്’ അഞ്ഞൂറിലേറെ പൊലീസുകാർ

തിരുവനന്തപുരം∙ പൊലീസുകാരുടെ ദുരുപയോഗത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉയരുമ്പോഴും അഞ്ഞൂറിലേറെ പൊലീസുകാര്‍ ജോലി ചെയ്യുന്നതു രാഷ്ട്രീയക്കാരുടെയും മതസാമുദായിക നേതാക്കളുടെയും വീടുകളില്‍. വിരമിച്ചവരടക്കമുള്ള ജ‍‍ഡ്ജിമാര്‍ക്കൊപ്പവും നൂറ്റിയമ്പതിലേറെ പൊലീസുകാരുണ്ട്. പഴ്സനല്‍ സ്റ്റാഫ് നിയമനത്തിലെ പൊലീസ് ചട്ടങ്ങള്‍ മറികടന്നാണു കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ പൊലീസുകാരെ വര്‍ഷങ്ങളായി കൈവശം വയ്ക്കുന്നത്. കണക്കുകളുടെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.

പൊലീസ് ഉന്നതരുടെ വീട്ടില്‍ മാത്രമല്ല, കേന്ദ്രമന്ത്രിമാരില്‍ തുടങ്ങി സിപിഎം ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ വരെ പൊലീസുകാരുണ്ടെന്ന് ഒരു വര്‍ഷം മുന്‍പ് പൊലീസ് ശേഖരിച്ച പട്ടിക സ്ഥിരീകരിക്കുന്നു. എംപിമാരായ വയലാര്‍ രവി, കെ.വി.തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ.ഷാനവാസ്, ആന്റോ ആന്റണി തുടങ്ങിയവര്‍ക്കൊപ്പം രണ്ടു പൊലീസുകാരുള്ളപ്പോള്‍ എ.കെ.ആന്റണിക്കൊപ്പമുള്ളത് ആറു പേരാണ്.

പി.പി.തങ്കച്ചന്‍, പി.ജയരാജൻ തുടങ്ങിയവര്‍ക്കു പുറമെ സിപിഎമ്മിന്റെ ഓര്‍ക്കാട്ടേരി, നാദാപുരം എന്നിവിടങ്ങളിലെ ഏരിയാ സെക്രട്ടറിമാര്‍ക്കും രണ്ടു പൊലീസുകാര്‍ ഒപ്പമുണ്ട്. ചുരുക്കത്തില്‍ മന്ത്രിമാരടക്കം രാഷ്ട്രീയക്കാര്‍ കൈവശം വച്ചിരിക്കുന്നത് 276 പൊലീസുകാരെയാണ്. 87 ജഡ്ജിമാര്‍ക്കായി 146 പൊലീസുകാര്‍ അവരുടെ വീടുകളില്‍ ജോലി നോക്കുന്നു.

സുരക്ഷാ ചുമതലയെന്നാണു വിളിപ്പേരെങ്കിലും അതിനുള്ള ചട്ടങ്ങളെല്ലാം കാറ്റില്‍പറത്തിയാണു രാഷ്ട്രീയക്കാരില്‍ പലരും ജോലിക്കാരെ പോലെ പൊലീസുകാരെ വീട്ടില്‍ നിര്‍ത്തുന്നത്. പഴ്സനല്‍ സ്റ്റാഫായി നിയോഗിക്കുന്ന പൊലീസുകാരന്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ക്കൊപ്പം നില്‍ക്കരുതെന്നാണു ചട്ടം. എന്നാല്‍ പലരും വര്‍ഷങ്ങളായി ഒരേ നേതാവിന്റെ ഒപ്പമാണെന്നു പൊലീസിലെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പഴ്സനല്‍ സെക്യൂരിറ്റിക്കായി സ്വന്തം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ആളെ നിയോഗിക്കരുതെന്ന ചട്ടവും അട്ടിമറിക്കുന്നുണ്ട്. ഇതിനൊപ്പം കാലാവധി തീര്‍ന്നിട്ടും പൊലീസുകാരെ മടക്കി അയയ്ക്കാത്തവരും കൂട്ടത്തിലുണ്ട്.