തിരുവനന്തപുരം ജീവിതച്ചെലവ് കുറഞ്ഞ നഗരം; ചെലവിൽ മുന്നിൽ മുംബൈ

ന്യൂഡൽഹി ∙ രാജ്യത്തു പ്രതിവർഷ ജീവിതച്ചെലവ് ഏറ്റവും കൂടിയ വിവിധ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തു ഗുരുഗ്രാം. മൂന്നാം സ്ഥാനത്തു ഡൽഹി. മുംബൈയാണു പട്ടികയിൽ ഒന്നാമത്. നാലു പേർ ജോലി ചെയ്യുന്ന കുടുംബങ്ങളുടെ അടിസ്ഥാനത്തിൽ സ്ക്വിറൽ ഫിൻടെക് എന്ന സ്റ്റാർടപ് കമ്പനി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

മുംബൈയിൽ 20,42,750 രൂപ പ്രതിവർഷം ചെലവിടുമ്പോൾ ഗുരുഗ്രാമിൽ ഇത് 19,0,9794 രൂപയാണ്. ഡൽഹിയിലാകട്ടെ ഇതു 18,84,623 രൂപയും. ബെംഗളൂരുവിൽ 18,81,396 രൂപയുമാണു പ്രതിവർഷം ചെലവാക്കുന്നത്. നോയിഡയിൽ 17,67,802 രൂപയും. 29 നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരമാണ് ഏറ്റവും കുറച്ചു പണം വിനിയോഗിക്കുന്നത്, 12,65,021 രൂപ. വാടക, യാത്ര, ഷോപ്പിങ് കാര്യങ്ങൾക്കാണു പണം കൂടുതൽ മുടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ പേരും നിക്ഷേപങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ നഗരങ്ങളിലെ 93809 പേരിൽനിന്നു കഴിഞ്ഞ 18 മാസത്തിനിടെ ശേഖരിച്ച വിവരങ്ങൾ വിലയിരുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കണ്ടെത്തൽ. സ്ക്വിറൽ ഫിൻടെക്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ മലയാളം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ ഇപ്പോൾ ലഭ്യമാണെന്നു കമ്പനി സ്ഥാപകനും സിഇഒയുമായ സാമന്ത് ശിഖ പറഞ്ഞു.

തമിഴ്, ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിലും ലഭിക്കുന്ന ആപ്ലിക്കേഷനിൽ നിക്ഷേപം സംബന്ധിച്ച നിർദേശങ്ങളും വിവിധ സൗകര്യങ്ങളും ലഭ്യമാണ്. നഗരത്തിനപ്പുറത്തും വിവിധ നിക്ഷേപ സംവിധാനങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്നതിന്റെ ഭാഗമായാണു പ്രാദേശിക ഭാഷകളിലും ആപ്ലിക്കേഷൻ ലഭ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.