മോദിയുടെ വാക്ക് പൊന്നായി; പക്കോട വിറ്റ കോൺഗ്രസുകാരൻ പണക്കാരനായി

നാരായൺഭായി തന്റെ പക്കോട കടയിൽ. ചിത്രം: ട്വിറ്റർ

വഡോദര ∙ ആ പ്രസംഗം നടത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇത്രയും വിചാരിച്ചു കാണില്ല. ജോലിയില്ലാത്തവർ പക്കോട വിറ്റു ജീവിക്കണമെന്ന് ആഴ്ചകൾക്കു മുമ്പു മോദി നടത്തിയ പ്രസംഗം വിവാദമായിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും യുവാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ‘ഉപദേശം’ അക്ഷരംപ്രതി സ്വീകരിച്ച ഒരു കോൺഗ്രസ് പ്രവർത്തകന്റെ ജീവിതം അപ്രതീക്ഷിതമായി മാറിമറിഞ്ഞു. ഒരു പക്കോട കടയിൽനിന്ന് 35 പക്കോട കടകളുള്ള മുതലാളിയായി കോൺഗ്രസുകാരൻ മാറിയെന്നാണു കഥ !

ഗുജറാത്തിലെ വഡോദരയിലാണു സംഭവം. ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള നാരായൺഭായി രജ്പുത് ജോലിയില്ലാതെ വീട്ടിലിരിക്കുമ്പോളാണു പ്രധാനമന്ത്രിയുടെ ടിവി അഭിമുഖം കാണാനിടയായത്. ‘ജോലിയില്ലാത്തവർ പക്കോട വിറ്റു ജീവിക്കൂ’ എന്ന മോദിയുടെ പ്രസ്താവന കേട്ടപ്പോൾ നാരായൺഭായിയുടെ മനസ്സിൽ ‘പക്കോട’ പൊട്ടി. ഒന്നുംനോക്കിയില്ല, ദിവസം പത്തു കിലോയുടെ പക്കോട വിൽക്കുന്ന സ്റ്റാൾ തുടങ്ങി. 100 ഗ്രാം പക്കോടയ്ക്കു പത്തു രൂപയാണു വില. സംഗതി ജനങ്ങളേറ്റെടുത്തു, വിജയമായി. ഇപ്പോൾ 35 കേന്ദ്രങ്ങളിലായി 600 കിലോ പക്കോടയാണു നാരായൺഭായി വിൽക്കുന്നത്.

നരേന്ദ്ര മോദി തന്റെ ജീവിതം മാറ്റിമറിച്ചുവെങ്കിലും കോൺഗ്രസിനോടുള്ള അനുഭാവത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു പറയുന്നു നാരായൺഭായി. അടുത്ത ജന്മത്തിലും താനൊരു കോൺഗ്രസുകാരൻ തന്നെയായിരിക്കും. മോദി, ബിജെപിക്കാരനല്ല. താനും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഉൾപ്പെടുന്ന ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചതിൽ തെറ്റില്ലെന്നും നാരായൺഭായി വ്യക്തമാക്കി.